സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 9 മുതൽ 15 വരെ തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയുടെ പ്രചരണാർത്ഥം ജില്ലയിൽ പര്യടനം നടത്തുന്ന കലാജാഥ വ്യാഴാഴ്ച കൊടുങ്ങല്ലൂർ, വെള്ളാങ്കല്ലൂർ, കൊമ്പിടി, പോട്ട, ചാലക്കുടി എന്നീ പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി.

കലാജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളിലെല്ലാം ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും വൻ സ്വീകരണമാണ് നൽകുന്നത്. പല സ്വീകരണ കേന്ദ്രങ്ങളിലും കലാജാഥയ്‌ക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും കലാപരിപാടികൾ അവതരിപ്പിച്ചു. വെള്ളിയാഴ്ച പുതുക്കാട് മണ്ഡലത്തിലെ കൊടകര, പുതുക്കാട്, ആമ്പല്ലൂർ, മണ്ണംപേട്ട, വരന്തരപ്പിള്ളി, വേലൂപ്പാടം എന്നീ പ്രദേശങ്ങളിൽ പര്യടനം നടത്തും.

കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്‍ രാജേഷിന്റെ നേതൃത്വത്തില്‍ രംഗശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരാണ് കലാപരിപാടികളോടെ ജാഥ നയിക്കുന്നത്. എന്റെ കേരളം മേളയുടെ വിളംബര വീഡിയോകളും കലാജാഥയിൽ പ്രദര്‍ശിപ്പിച്ചു. പാട്ടും അഭിനയവും മിമിക്രിയും ഉള്‍പ്പെടെ വിവിധ പരിപാടികളിലൂടെ എന്റെ കേരളം എക്‌സിബിഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം.

എട്ട് ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും പര്യടനം നടത്തുന്ന കലാജാഥ മെയ് 8ന് തൃശൂരില്‍ സമാപിക്കും.