വൃക്കരോഗിയായ പെരുംപനച്ചി സ്വദേശി ലിസമ്മ ജോണിന് എപിഎൽ റേഷൻ കാർഡിന്റെ പേരിൽ ഇനി ചികിത്സാ ആനുകൂല്യങ്ങൾ മുടങ്ങില്ല. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും ചങ്ങനാശേരി താലൂക്കുതല അദാലത്തിൽ ലിസമ്മയ്ക്കുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി. എൻ വാസവനിൽ നിന്നും നേരിട്ടേറ്റ് വാങ്ങി ഭർത്താവ് കെ സി ജോൺ. വൃക്കരോഗിയായ ലിസമ്മക്ക് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ആവശ്യമാണ്.
ചികിത്സക്കും മരുന്നുകൾക്കുമായി മാസം 50,000 രൂപ ചെലവുണ്ട്. ലിസമ്മയുടെയും കുടുബത്തിന്റെയും റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലായിരുന്നതിനാൽ ചികിത്സാനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ലിസമ്മയുടെ ഭർത്താവ് കെ. സി. ജോണും ഹൃദയ സംബന്ധമായ അസുഖത്താൽ ചികിത്സയിൽ കഴിയുന്നയാളാണ്. ഇതേത്തുടർന്നാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ ചങ്ങനാശേരി താലൂക്ക്തല അദാലത്തിൽ ഇവർ സമർപ്പിച്ച പരാതി പരിഗണിച്ച് ആശ്വാസ പരിഹാരമൊരുക്കുകയായിരുന്നു.