വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തിൽ കൈമാറി. നെടുകുന്നം സ്വദേശി റെനി ജോണിന്റെ ഭർത്താവ് ജോൺ കെ സ്റ്റീഫൻ രണ്ട് വർഷമായി ഡയാലിസിസ് ചികിത്സ നടത്തി വരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതോടെ ജോൺ ഓട്ടോ ഓടിച്ച് കിട്ടിയിരുന്ന വരുമാനവും നിലച്ചു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന മകൾ ആൽഫിയ ജോണും പത്താം ക്ലാസിൽ പഠിക്കുന്ന മകൻ ആൽഫിൻ ജോണും അടങ്ങുന്നതാണ് റെനിയുടെ കുടുംബം.
മക്കളുടെ വിദ്യാഭാസ ചെലവും ചികിത്സാ ചെലവും ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. വീട്ടു ചെലവുകൾക്കും മറ്റുമായി റെനി ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ ക്ലീനിങ് ജോലിക്ക് പോകുന്നുണ്ട്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയമാകണം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ മുൻകൈ എടുത്താണ് റെനിയെ എപിഎൽ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി സഹായിച്ചത്.