റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിൽ വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് ചീരംചിറ സ്വദേശി ഇലംക്കുളം വീട്ടിൽ എ. കെ ജോസഫ് ചങ്ങനാശ്ശേരി താലൂക്ക് തല അദാലത്തിലെത്തിയത്. പരാതിയിൽ അടിയന്തര നടപടി നിർദേശിച്ച് ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ.
കൂനന്താനം – ലിസ്യൂ സ്കൂൾ റോഡിൽ ഒരു മാസം മുൻപ് റോഡ് റീ ടാറിങ്ങിന്റെ ഭാഗമായി റോഡിനിരുവശത്തും മണ്ണ് മാറ്റുകയും പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ പൈപ്പ് ലൈൻ മുമ്പുള്ളതിനേക്കാൾ ചുറ്റിവരുന്നതിനാൽ ജോസഫിന്റെ ടാങ്കിലേക്ക് വെള്ളം നിറയുന്നില്ല. അവസാന ഭാഗത്തെ കണക്ഷനായതിനാൽ വെള്ളം പമ്പ് ചെയ്യുന്നതിന് വേണ്ടത്ര പ്രഷർ ലഭിച്ചിരുന്നില്ല. പഴയ പൈപ്പ് ലൈനിൽ കൂടി ആവശ്യത്തിന് വെള്ളം ലഭ്യമായിരുന്നു. ആയതിനാൽ പഴയ പൈപ്പ് ലൈൻ പോലെ തന്നെ കണക്ഷൻ നൽകണമെന്നായിരുന്നു ജോസഫിന്റെ അഭ്യർത്ഥന. പരാതി പരിഗണിച്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പഴയ പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നതിനു നിർദ്ദേശം നൽകുകയായിരുന്നു.