മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കീരേലി മലയിലെ 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമിയുടെ നറുക്കെടുപ്പ് നടന്നു. താമസിക്കാനുള്ള ഇടം കീരേലിമലയിലെ 13 കുടുംബങ്ങൾ സ്വന്തമായി തെരഞ്ഞെടുത്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് , ഡെപ്യൂട്ടി കളക്ടർമാരായ ഉഷ ബിന്ദു മോൾ, ബി.അനിൽകുമാർ, കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത്ത് ജോർജ്, കാക്കനാട് വില്ലേജ് ഓഫീസർ ആർ. റെജിമോൻ എന്നിവർ പങ്കെടുത്തു.

കീരേലിമലയിലെ കുടുംബങ്ങൾക്ക് നൽകാൻ സർക്കാർ പൊയ്ച്ചിറയിൽ കണ്ടെത്തിയ 50 സെന്റ് റവന്യൂ ഭൂമിയിൽ സർവേ പൂർത്തിയാക്കി മൂന്ന് സെന്റുകളാക്കി തിരിച്ചിട്ടുള്ള പ്ലോട്ടുകളാണ് കുടുംബങ്ങൾ സ്വന്തമായി തിരഞ്ഞെടുത്തത്.

കണയന്നൂർ താലൂക്കിൽ കാക്കനാട് വില്ലേജിലെ കീരേലിമല പ്രദേശം താമസയോഗ്യമല്ലെന്നും ശക്തമായ മണ്ണിടിച്ചിൽ സാധ്യതയുള്ളതാണെന്നുമുള്ള ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പ്രകാരമാണ് റവന്യൂ പുറമ്പോക്ക് ഭൂമിയിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത്. കീരേലിമലയിലെ നിവാസികൾക്ക് ഭയപ്പെടാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു.