ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

കളമശേരി ഗവ.മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചയിച്ച സമയപ്രകാരം പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ഒരു കാരണവശാലും തീരുമാനമെടുത്ത കാര്യങ്ങളിലെ നടപടികൾ വൈകരുത്. കൃത്യമായ ഇടവേളകളിൽ അവലോകന യോഗം ചേർന്ന് പുരോഗതി വിലയിരുത്താനും തീരുമാനിച്ചു.

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ സെമിനാർ ഹാളിൽ ചേര്‍ന്ന യോഗത്തില്‍ കളമശേരി മെഡിക്കല്‍ കേളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി.ജി ബാലഗോപാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.