നവകേരളം വൃത്തിയുള്ള കേരളം – വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മനസ്സ് മാറ്റാം മാലിന്യവും എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ഷാജു അധ്യക്ഷത വഹിച്ച യോഗത്തിൽ പിറവം, കൂത്താട്ടുകുളം മുൻസിപ്പാലിറ്റികളിൽ നിന്നുള്ള പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, രാമമംഗലം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപികരിച്ചു.

സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പൊതു ഇടങ്ങൾ ശുദ്ധീകരിക്കൽ, തോടുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കൽ, സംഘടനകൾ പൊതു സ്ഥലം വൃത്തിയാക്കി പച്ചത്തുരുത്തുകളും ഹരിത വീഥികളും ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. മാലിന്യ പരിപാലന പ്രവർത്തങ്ങളിൽ മികവ് തെളിയിക്കുന്ന സ്കൂളുകൾക്ക് ഹരിത മികവിനുള്ള ഗ്രീൻ എക്സലൻസി പുരസ്ക്കാരം നൽകുക, കലാപ്രവർത്തകരെ ക്യാമ്പയിനിൽ പങ്കാളികളാക്കുക തുടങ്ങിയവ നടപ്പിൽ വരുത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ് വിഷയാവതരണം നടത്തി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സന്ധ്യമോൾ പ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. വിജയകുമാരി, എൽസി ടോമി, ബ്ലോക്ക് അംഗങ്ങളായ കുഞ്ഞുമോൻ ഫിലിപ്പ്, ജോസ് കുര്യാക്കോസ്, സിബി ജോർജ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് അംഗം ജിനു സി ചാണ്ടി, പൊതുപ്രവർത്തകരായപി.പി രതീഷ്, കെ.എ. ഗോപി, ലൈബ്രറി കൗൺസിൽ പ്രതിനിധി സി.ടി ഉലഹന്നാൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം എ.കെ വിജയകുമാർ, റസിഡൻസ് അസോസിയേഷൻ മേഖല വൈസ് പ്രസിഡൻ്റ് മാർക്കോസ് ഉലഹന്നാൻ, ഹരിതകർമ്മ സേനാംഗം എൽസി എബ്രാഹം ജോയിൻ്റ് ബി.ഡി.ഒ എം.കെ സുമ, കില ബ്ലോക്ക് കോ – ഓഡിനേറ്റർ പി.എൻ സജിവൻ തുടങ്ങിയവർ സംസാരിച്ചു.