ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവ് കൃഷി മന്ത്രി പി പ്രസാദ് നേരിട്ട് കൈമാറിയതോടെ ലത കണ്ണീരണിഞ്ഞു. ‘കരുതലും കൈത്താങ്ങും’ തളിപ്പറമ്പ് താലൂക്ക്തല അദാലത്ത് വേദി ഒരു നിമിഷം വികാര നിര്‍ഭരമായി. ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ട പാപ്പിനിശ്ശേരി റേഞ്ചിലെ ടി എസ് 28-ാം നമ്പര്‍ ഷാപ്പിലെ സെയില്‍സ്മാനായിരുന്ന ആന്തൂര്‍ തളിവയല്‍ സ്വദേശി മോഹനന്റെ ഭാര്യ ലതക്കും കുടുംബത്തിനുമാണ് കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കുടുംബ പെന്‍ഷന്‍ അനുവദിച്ചത്.

കര്‍ഷക തൊഴിലാളി ക്ഷേമനിധി പെന്‍ഷന്റെ ഗുണഭോക്താവ് ആയതിനാല്‍ കള്ള് വ്യവസായ ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കാന്‍ സാധ്യമല്ലെന്നായിരുന്നു നേരത്തെ നല്‍കിയ പരാതിയില്‍ ലതക്ക് ലഭിച്ച മറുപടി. ഒരിക്കലും കിട്ടില്ല എന്നാണ് കരുതിയതെങ്കിലും അവസാന ശ്രമം എന്ന നിലയിലാണ് അദാലത്തില്‍ പങ്കെടുക്കാന്‍ ലതയും കുടുംബവും എത്തിയത്. പരാതി ഉടനടി പരിഹരിച്ച് പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് ക്ഷേമനിധി ബോര്‍ഡില്‍ നിന്നുമുള്ള  ഉത്തരവ് കയ്യില്‍ കിട്ടിയപ്പോഴാണ് ലതയ്ക്ക് ആശ്വാസമായത്.

അദാലത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിമാസം 1666 രൂപയാണ് കുടുംബപെന്‍ഷന്‍ നല്‍കാന്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഉത്തരവായിരിക്കുന്നത്.
2021 ഒക്ടോബര്‍ 26 നാണ് മോഹനന്‍ ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ടത്. അദാലത്തിലൂടെ ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ പെന്‍ഷന്‍ ലഭ്യമാക്കി തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമായതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ലത പറഞ്ഞു. മക്കളായ മിഥുന്‍ ലിതിന്‍ എന്നിവരടങ്ങുന്നതാണ് ലതയുടെ കുടുംബം.