കാലങ്ങളായി തങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന് താലൂക്ക്തല അദാലത്തില്‍ അതിവേഗം പരിഹാരം നേടി ദമ്പതികള്‍. കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ മല്ലപ്പള്ളി സ്വദേശിയായ മിനി എസ് നായരും ഭര്‍ത്താവ് ജയകുമാറും വര്‍ഷങ്ങളായി വീടിനു ഭീഷണിയായി നില്‍ക്കുന്ന പുറമ്പോക്ക് ഭൂമിയിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ സഹായം തേടിയാണ്  വ്യവസായ മന്ത്രി പി രാജീവിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും മുന്‍പില്‍  എത്തിയത്. വീടിന്റെ മുകളിലേക്ക് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് തേക്കും ഒരു ആഞ്ഞിലിമരവും മുറിച്ച് മാറ്റാന്‍ വര്‍ഷങ്ങളായി ഇവര്‍ പഞ്ചായത്ത് പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും  സമീപിച്ചിരുന്നെങ്കിലും  പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല.

മരങ്ങളുടെ വാല്യുവേഷന്‍ നടത്തി, ലേലം വിളിച്ച ശേഷം മുറിച്ച് മാറ്റുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതെങ്കിലും ലേലം ടെണ്ടര്‍ ആവാത്തതിനെ തുടര്‍ന്ന് നടപടികള്‍ നീളുകയായിരുന്നു. പരാതി കേട്ട ശേഷം, ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റാന്‍ മന്ത്രി പി രാജീവ് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം അടുക്കാറായതോടെ എന്ത് ചെയ്യണമെന്നറിയാത്ത സമയത്താണ് ഇവര്‍ക്ക്  അദാലത്തില്‍ പരിഹാരം ലഭിച്ചത്.