വാണിമേല്‍ ഗ്രാമ പഞ്ചായത്തിൽ ക്ലീൻ വാണിമേൽ ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.സുരയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ സംബന്ധിച്ച് ബ്ലോക്ക് കോർഡിനേറ്റർ കെ.കുഞ്ഞിരാമൻ സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധ നടപടികളെകുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് വിശദീകരിച്ചു. ക്ലീൻ വാണിമേൽ ക്യാമ്പയിൻ ആക്ഷൻ പ്ലാൻ പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ചു.

ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നുണ്ടെന്നും ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നുണ്ടെന്നും ഉറപ്പു വരുത്തുക, ഹരിതകർമ്മസേന മുഖേന അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം മെയ് 25 നകം പൂർത്തിയാക്കുക തുടങ്ങിയ തീരുമാനങ്ങൾ കൺവെൻഷനിൽ കൈക്കൊണ്ടു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സ്ക്വാഡുകൾ മെയ് 12 നകം ഗൃഹസന്ദർശനം നടത്തും. വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന മാലിന്യങ്ങൾ അവിടെ തന്നെ തരംതിരിക്കുന്ന പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി. മെയ് 15 ന് പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥലങ്ങളും ശുചീകരിക്കും.

പഞ്ചായത്ത് അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.