ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം നാളെ രാവിലെ 11 ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 14 കോടി രൂപ ചിലവില്‍ 10 ഏക്കറിലാണ് പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ആരംഭിക്കുന്നത്.

അമ്പലവയലല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. നെതര്‍ലാന്റ്സ് എംബസി അഗ്രികള്‍ച്ചറല്‍ അറ്റാഷെ റിക്ക് നോബല്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരായ ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ബി. അശോക്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങയിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്മശ്രീ അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും.

സംസ്ഥാന കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരളത്തിന്റെയും ആഭിമുഖ്യത്തിലാണ് ഇന്‍ഡോ-ഡച്ച് സംയുക്ത കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേന്ദ്രം ഒരുങ്ങിയത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിയുടേയും കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടേയും സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കീഴില്‍ ഈ സെന്റര്‍ സ്ഥാപിതമായത്.

മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചുകൊണ്ടുള്ള പോളിഹൗസ് കൃഷിയുടേയും തുറസ്സായ സ്ഥലത്തെ കൃത്യതാ കൃഷിയുടേയും മാതൃകാ തോട്ടങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. പച്ചക്കറി-പുഷ്പ വിളകളുടെ ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍ വലിയതോതില്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. പച്ചക്കറികളുടെയും പുഷ്പങ്ങളുടേയും സംസ്‌കരണ രീതികളും നൂതന വിപണന മാര്‍ഗ്ഗങ്ങളും ഈ കേന്ദ്രം വഴി കര്‍ഷകര്‍ക്കെത്തിക്കും. കര്‍ഷകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും കാര്‍ഷിക സംരഭകര്‍ക്കും തുടര്‍ച്ചയായ പരിശീലന പരിപാടികളും ഈ സെന്റര്‍ വഴി നടപ്പാക്കും.