സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ കൃഷികൂട്ടങ്ങള്‍ക്ക് ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ചൊവ്വ) വൈകീട്ട് മൂന്നിന്‌ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 1.30 ന് ജില്ലയിലെ യുവ കര്‍ഷകര്‍ക്കായി നൂതന കാര്‍ഷിക യന്ത്രങ്ങളെക്കുറിച്ചും നൂതന ജലസേചന രീതികളെക്കുറിച്ചുമുള്ള സെമിനാറും ചര്‍ച്ചയും നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലര്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന നാല്‌ ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രങ്ങള്‍ സമ്മാനമായി വിതരണം ചെയ്യും.

കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള യന്ത്രോപകരണങ്ങളുടെ വിതരണമാണ്  നടക്കുന്നത്. കാര്‍ഷികയന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം) യുടെ കീഴില്‍ കര്‍ഷകര്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75 മുതല്‍ 80 ശതമാനം വരെയും സബ്സിഡി ലഭിക്കും. പദ്ധതിയിലൂടെ ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1905 കര്‍ഷകര്‍ക്ക് 6.32 കോടിയുടെയും 49 കര്‍ഷക ഗ്രൂപ്പുകള്‍ക്കായി 3.73 കോടി രൂപയുടെയും ഉപകരണങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശന വിപണന മേള നാളെ (ചൊവ്വ) സമാപിക്കും.

സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം നാളെ

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ (ചൊവ്വ) വൈകുന്നേരം അഞ്ചിന് mനിര്‍വ്വഹിക്കും. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്ക് മണ്ണ് പരിശോധനാ സൗകര്യം, മണ്ണിന്റെ പി.എച്ച്, ഇ.സി തുടങ്ങിയവയുടെ പരിശോധന സംവിധാനം, ഫ്രണ്ട് ഓഫീസ് സൗകര്യം, കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യ കണ്ടുമനസ്സിലാക്കാനുളള സ്മാര്‍ട്ട് ടി.വി, ഡിജിറ്റല്‍ കിയോസ്‌ക് സൗകര്യം, പരിശീലനത്തിനായുള്ള ഹൈടെക് ട്രെയ്നിങ്ങ് സെന്റര്‍ സൗകര്യം, രോഗ കീടനിയന്ത്രണം സാങ്കേതികമായി വിലയിരുത്തി കൃഷിഭവനില്‍ നിന്നുള്ള മരുന്ന് വിതരണ സംവിധാനം, വിവിധ പദ്ധതികള്‍, കാലാവസ്ഥാ താപത്തിന്റെ തോത്, മഴയുടെ തോത് എന്നിവയെക്കുറിച്ചുള്ള ഡിജിറ്റല്‍ സന്ദേശം നല്‍കാനായി തയാറാക്കിയ ഡിജിറ്റല്‍ ഡിസ്പ്ലേ യൂണിറ്റ്, കാര്‍ഷിക അനുബന്ധ മാസികകള്‍, കുടിവെള്ളം, തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.