സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് തുടങ്ങി. നാലു മേഖലകളായാണ് തെളിവെടുപ്പ് നടത്തുന്നത്. ഇതിലുള്ള ആദ്യ പൊതുതെളിവെടുപ്പാണ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ ജോസ്, അംഗങ്ങളായ ബി പ്രദീപ്, എ.ജെ വിൽ‌സൺ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പൊതുജനങ്ങളും തൽപരകക്ഷികളും തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ സമർപ്പിച്ചു.

മെയ്‌ ഒമ്പതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, പത്തിന് കൊച്ചിൻ മുൻസിപ്പൽ കോർപ്പറേഷൻ നോർത്ത് ടൗൺഹാൾ, 15ന് തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാൾ എന്നിങ്ങനെയാണ് സിറ്റിങ്. പൊതു തെളിവെടുപ്പ് പൂർത്തിയായതിനു ശേഷമേ നിരക്ക് പരിഷ്കരിക്കുന്നതിൽ കമ്മിഷൻ തീരുമാനമെടുക്കുകയുള്ളൂ.

തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനെയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. തപാൽ/ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ മെയ് 15നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും.