ജില്ലയിലെ വൈദ്യുതീകരിക്കാത്ത ഏക പട്ടിക വർഗ്ഗ സങ്കേതമായ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിവിട്ടക്കാട്ടിൽ വൈദ്യുതി എത്തി. നാടിനെ പ്രകാശപൂരിതമാക്കി വെട്ടിവിട്ടക്കാട് പട്ടിക വർഗ സങ്കേതത്തിൽ ചേർന്ന യോഗത്തിൽ വെച്ച് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഇതോടെ തൃശൂർ ജില്ലയിൽ എല്ലാ പട്ടിക വർഗ കോളനികളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു.
പരമ്പരാഗത മാർഗ്ഗങ്ങളിലൂടെയും സോളാർ പാനലുകൾ സ്ഥാപിച്ചും വൈദ്യുതി എത്തിക്കുന്നതിനുള്ള ആദ്യഘട്ടത്തിലെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി എത്തിച്ചത്. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് പദ്ധതിയിൽ നിന്നും 92,46,000 രൂപ ചെലവിലാണ് വൈദ്യുതീകരണം സാക്ഷാത്കരിച്ചത്.

മുതുവാൻ വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങളിലായി 38 പേരാണ് വെട്ടിവിട്ടക്കാടിൽ താമസിക്കുന്നത്. കൃഷിയും വനവിഭവ ശേഖരണവുമാണ് മുഖ്യ ഉപജീവന മാർഗ്ഗം. ഉൾക്കാട്ടിലൂടെ കുത്തനെയുള്ള നടപ്പാത മാത്രമാണ് ഏക സഞ്ചാരപാത. ചാലക്കുടിയിൽ നിന്നും 88 കി.മീ ദൂരം സഞ്ചരിച്ച് കേരളം – തമിഴ്നാട് അതിർത്തിയായ മലക്കപ്പാറയിൽ എത്തി അവിടെ നിന്നും തമിഴ്നാട്ടിലൂടെ 12 കിലോമീറ്റർ ദൂരം യാത്ര ചെയ്തശേഷം വനത്തിലൂടെ നാല്  കി.മീ കാൽനടയായി മാത്രമേ കോളനിയിലേക്ക് എത്തിചേരാൻ സാധിക്കൂ. ഇവിടം വൈദ്യുതീകരിക്കുന്നതോടെ എല്ലാവരും ഉന്നതിയിലേക്ക് എന്ന സർക്കാർ നയം പൂർണ്ണതയിലേക്ക് മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.
ട്രാൻസ്ഫോർമറിനും പോസ്റ്റിനും ചുറ്റുമുള്ള ഫെൻസിംഗ് ജോലികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. യോഗത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ഹെറാൾഡ് ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.