2024-25 ഓടെ കേരളത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കരവാരം, നഗരൂര്‍, പുളിമാത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ കുടിവെള്ളം എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഒ. എസ് അംബിക എം. എല്‍. എ അധ്യക്ഷത വഹിച്ചു.

നഗരൂര്‍, പുളിമാത്ത്, കരവാരം പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് നഗരൂര്‍, പുളിമാത്ത്, കരവാരം സമഗ്ര കുടിവെളള പദ്ധതി. പദ്ധതിയുടെ ഒന്നാം ഘട്ട നടത്തിപ്പിനായി 81. 81 കോടി രൂപ കിഫ്ബിയും, രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി 89. 17 കോടി രൂപ ജലജീവന്‍ മിഷനും നല്‍കും.

ഒന്നും രണ്ടും ഘട്ട പ്രവൃത്തികളിലായി വാമനപുരം നദിയില്‍ കിണര്‍, റാ വാട്ടര്‍ പമ്പിംഗ് മെയിന്‍, 18 എം.എല്‍.ഡി. ശേഷിയുളള ആധുനിക ജലശുദ്ധീകരണശാല, ഭൂതല, ഉപരിതല ജലസംഭരണികള്‍, ഇതിനെ ബന്ധിപ്പിക്കുന്ന പ്രധാന ജലവാഹിനിക്കുഴലുകള്‍, 430 കിലോമീറ്റര്‍ ജലവിതരണശൃംഖല എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ 15,438 കുടിവെളള കണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തികളും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി, വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍, നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാല്‍, കേരള ജല അതോറിറ്റി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.