വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേളയ്ക്ക് മെയ് 20 ന് കനകക്കുന്നില്‍ തുടക്കമാകും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സംസ്ഥാനതല സമാപന പൊതുസമ്മേളനം മെയ് 20 ന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേളയും കലാ-സാസംകാരിക പരിപാടികളും മെയ് 20 ന് രാവിലെ 11 കനകക്കുന്നില്‍ ആരംഭിക്കും. മെയ് 20 മുതല്‍ 27 വരെയാണ് മേള.
സമാപന പരിപാടികളുടെ വിപുലമായ നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി മുഖ്യരക്ഷാധികാരിയായും, മന്ത്രിമാരായ ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് കണ്‍വീനറും ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, തദ്ദേശഭരണ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവർ അംഗങ്ങളുമാണ്.
അയ്യങ്കാളി ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്തെന്നും താലൂക്ക്തല അദാലത്തുകളിലുണ്ടായ ജനപങ്കാളിത്തം ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ രാജ്യസഭാംഗം എ.എ റഹീം, എം.എല്‍.മാരായ വി. ജോയി, സി. കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എഡിഎം അനില്‍ ജോസ്, സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.