ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനും ആരോഗ്യപരിപാലനം എല്ലാവർക്കും സാധ്യമാക്കാനും ലക്ഷ്യമിട്ട് നെടുമങ്ങാട് വേങ്കവിളയിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. എ.എ റഹിം എം. പി ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളിൽ നിന്ന് സാധാരണക്കാരെ മുക്തമാക്കാൻ ഓപ്പൺ ജിം എന്ന ആശയം ഏറെ സഹായിക്കുമെന്ന് എ.എ റഹിം എം.പി പറഞ്ഞു . ഗ്രാമീണ മേഖലയിൽ ഈ ആശയം യഥാർഥ്യമാക്കിയ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയെ അദ്ദേഹം അഭിനന്ദിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-2023 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ് ഓപ്പൺ ജിം നിർമിച്ചത്.എയർ വാക്കർ, ട്വിസ്റ്റർ, ലെഗ് പ്രസ്സ്, റോവർ തുടങ്ങി വ്യായാമങ്ങൾക്കായുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ പ്രഭാതനടത്തത്തിനുള്ള സൗകര്യവും ഓപ്പൺ ജിമ്മിൽ ഒരുക്കിയിട്ടുണ്ട്. 15 മുതൽ 60 വയസുവരെയുള്ളവർക്ക് ഇവിടെ പ്രവേശനമുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജിം ഉപയോഗിക്കാം. നെടുമങ്ങാട് ബ്ലോക്കിന് കീഴിലെ തെരഞ്ഞെടുത്ത 30 സ്പോർട്സ് ക്ലബ്ബുകൾക്കുള്ള സ്പോർട് കിറ്റ് വിതരണവും എം പി നിർവഹിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അധ്യക്ഷ വഹിച്ച ചടങ്ങിൽ ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ.എസ്, ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ. ശ്രീമതി, വേങ്കവിള ഡിവിഷൻ മെമ്പർ കണ്ണൻ വേങ്കവിള തുടങ്ങിയവർ സംസാരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിലെ വേങ്കവിള അങ്കൻവാടിക്ക് സമീപമാണ് ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്.