സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലൂടെ റവന്യൂ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ചടയമംഗലം മിനിസിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എല്ലാവര്‍ക്കും അതിവേഗസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. താലൂക്ക് തല അദാലത്തുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പരാതികള്‍ പരിശോധിക്കുന്നതിനാല്‍ അപേക്ഷകള്‍ ഉടനടി തീര്‍പ്പാക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവകാശങ്ങളും അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഡിജിറ്റലൈസേഷനിലൂടെ കഴിയുമെന്നും ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ചടയമംഗലത്ത് ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മിനി സിവില്‍ സ്റ്റേഷന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനകേന്ദ്രമായി മാറാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടയമംഗലം ഗ്രാമപഞ്ചായത്ത് വാങ്ങിയ 50 സെന്റ് സ്ഥലത്ത് കിഫ്ബി വഴി 11.74 കോടി രൂപ ചെലവിലാണ് സിവില്‍ സ്റ്റേഷന്റെ നിര്‍മാണം ആരംഭിക്കുന്നത്.
ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ചടയമംഗലം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, ചടയമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബാബുരാജന്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഹരികൃഷ്ണന്‍, കൊട്ടാരക്കര തഹസീല്‍ദാര്‍ പി ശുഭന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശാലിനി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.