ഒരു അപേക്ഷ പോലും ഇല്ലാതെയാണ് വയോധികനായ തലവൂര്‍ പാണ്ടിതിട്ട നിരപ്പില്‍ വീട്ടില്‍ എന്‍ ചന്ദ്രശേഖരന്‍ അദാലത്തില്‍ എത്തിയത്. മന്ത്രി കെ എന്‍ ബാലഗോപാലിനെ കണ്ട് നേരിട്ട് പരാതി പറഞ്ഞു. ബി പി എല്‍ റേഷന്‍ കാര്‍ഡ് അന്ത്യോദയ അന്ന യോജന(എ എ വൈ) വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഒറ്റയ്ക്കാണ് താമസം. എഴുപത്തിയഞ്ചില്‍ എത്തിയ പ്രായത്തിന്റെ അനാരോഗ്യം അലട്ടുന്നുണ്ട്. അപേക്ഷ നല്‍കാനോ ഓഫിസുകളില്‍ പോകാനോ പ്രായം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി.

വയോധികന്റെ മുഴുവന്‍ അവസ്ഥയും കേട്ടറിഞ്ഞ മന്ത്രി ഉടന്‍ പ്രശ്നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അന്ത്യോദയ അന്ന യോജന വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റാനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എങ്കില്‍ അതിന് വേണ്ടി പ്രത്യേക ഉത്തരവ് നല്‍കാമെന്ന് മന്ത്രി. അവശത അനുഭവിക്കുന്ന ചന്ദ്രശേഖരനെ ഇനി ഓഫിസില്‍ വരുത്തരുതെന്നും അപേക്ഷ മുതല്‍ എല്ലാ കാര്യങ്ങളും തയാറാക്കണമെന്നും സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി വി മോഹന്‍കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ബി ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍, അപേക്ഷ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. മന്ത്രി കെ എന്‍ ബാലഗോപാല്‍ അടിയന്തര നടപടിയെടുക്കണമെന്ന ഉത്തരവോടെ അപേക്ഷ ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണിന് കൈമാറി. ഡയറക്ട്രേറ്റിലെ നടപടിക്രമങ്ങള്‍ കൂടി കഴിഞ്ഞാല്‍ വൈകാതെ റേഷന്‍ കാര്‍ഡ് എ എ വൈ വിഭാഗത്തിലേക്ക് മാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ചന്ദ്രശേഖരനെ സുരക്ഷിതമാക്കി യാത്രയാക്കിയെന്നും മന്ത്രി ഉറപ്പുവരുത്തി.