സമഗ്രശിക്ഷാ കേരളവും ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടിക്ക് തുടക്കമായി. മെയ് 12വരെ എല്‍ പി, യു പി, എച്ച് എസ് വിഭാഗം അധ്യാപകര്‍ക്ക് കൊട്ടാരക്കരയിലെ 17 കേന്ദ്രങ്ങളിലായാണ് പരിപാടി. ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര സര്‍ക്കാര്‍ ഗേള്‍സ് എച്ച് എസ് എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ജില്ലാ ഡയറ്റ് പ്രിന്‍സിപ്പാള്‍ എസ് ഷീജ അധ്യക്ഷയായി. ആധുനിക ശാസ്ത്രീയ സാങ്കേതിക വിദ്യ, (ഭിന്നശേഷിക്കാരായ കുട്ടികളെ അക്കാദമികമായി ഉള്‍ച്ചേര്‍ക്കുന്നതിനായി) ഉള്‍ച്ചേരല്‍ വിദ്യാഭ്യാസം, കൗമാര വിദ്യാഭ്യാസം, പോക്‌സോ നിയമം, ‘സഹിതം’ മെന്റിങ് പോര്‍ട്ടല്‍, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്നീ മേഖലകളിലാണ് ശാക്തീകരണം നല്‍കുന്നത്. എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ സജീവ് തോമസ്, പ്രോഗ്രാം ഓഫീസര്‍ എച്ച് ആര്‍ അനിത , കൊട്ടാരക്കര നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ മേനോന്‍, എ ഇ ഒ വസന്തകുമാരി, ബി പി സി റ്റി ബിജു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.