കനോലി കനാൽ ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം. ശുചീകരണ യജ്ഞം രാവിലെ എട്ട് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. നഗര ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാലും, കുളവാഴ ഉൾപ്പെടെയുള്ള ചെടികളുടെയും സാന്നിധ്യത്താൽ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ള കാനലാണ് ശുചീകരിക്കുന്നത്.

കോഴിക്കോട് കോർപറേഷൻഷൻ, ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സേനയിലുള്ള സന്നദ്ധ പ്രവർത്തകർ, കോർപറേഷൻ തൊഴിലുറപ്പ്, ഹെൽത്ത്‌ വളന്റിയർമാർ തുടങ്ങിയ സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ചാണ് ശുചീകരണ പദ്ധതി നടപ്പാക്കുന്നത്.

നിലവിലുള്ള 11.20 കി.മീറ്റർ നീളമുള്ള കനാലിനെ എട്ട് സെക്ടറുകളാക്കി തിരിച്ചു ഓരോ സെക്ടറിലും പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനു വാർഡ് കൗൺസിലർമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ എന്നിവർക്ക് പുറമെ ജലസേചന വകുപ്പ് ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. എട്ട് സെക്ടറുകളിൽ നിന്നും ശേഖരിച്ച ജലം സി.ഡബ്ലു.ആർ.ഡി.എം പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കും.