കൈകൾ നിലത്തൂന്നി നടന്നാണ്  ഭിന്നശേഷിക്കാരനായ ഉളിയിൽ പടിക്കച്ചാൽ സ്വദേശി വി പി മുഹമ്മദ് റഫ്‌സൽ മന്ത്രി കെ രാധാകൃഷ്ണനെക്കാണാൻ അദാലത്തിൽ എത്തിയത്. നിവർന്ന് നടക്കാനാവാത്തതിനാൽ സ്വന്തമായി ഒരു മുച്ചക്ര വാഹനം അനുവദിക്കണം എന്നതായിരുന്നു അപേക്ഷ. റഫ്‌സലിന് മുചക്ര വാഹനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഇനി തില്ലങ്കേരി പഞ്ചായത്ത് ഗുണഭോകതൃ ലിസ്റ്റിൽ റഫ്‌സലിന്റെ പേര് ഉൾപ്പെടുത്തി ഭരണസമിതി അംഗീകാരത്തോടെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് സമർപ്പിക്കണം.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മറ്റ് പഞ്ചായത്തുകളിൽ നിന്നുകൂടി ഗുണഭോകതൃ ലിസ്റ്റ് ലഭ്യമായതിന് ശേഷം പദ്ധതി ഫണ്ട് വെക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മുച്ചക്ര വാഹനങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുക. പടിക്കച്ചാൽ റസീന മൻസിലിൽ കെ മുസ്തഫയുടെയും വി.പി ഖദീജ ദമ്പതികളുടെ മകനാണ് 25കാരനായ റഫ്‌സൽ. നാഡീ സംബന്ധമായ അസുഖം മൂലം ജന്മനാൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. നാലാം ക്ലാസ് വരെ മാത്രമാണ് റഫ്‌സൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. കൈകളുടെ സഹായത്താൽ വീടിന്റെ മുറ്റത്തും പരിസരങ്ങളിലും സഞ്ചരിക്കാൻ സാധിക്കും. എന്നാൽ പരസഹായമില്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള ആഗ്രഹമാണ് മുച്ചക്ര വാഹനം എന്ന ചിന്തയിലേക്ക് എത്തിച്ചത്. മുച്ചക്ര വാഹനം ലഭിച്ചാൽ റഫ്‌സലിന് പുറത്തിറങ്ങി എന്തെങ്കിലും തൊഴിൽ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്ന് ഉമ്മ വി.പി ഖദീജ പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശം തുണയാവുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ കുടുംബം.

(Photo)