‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ ഞാൻ വിചാരിച്ചത്. എന്തായാലും സന്തോഷമായി മക്കളെ.’ ഇത് കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിയുടെ വാക്കുകളാണ്.  ലൈഫ് മിഷന്‍ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ലഭിച്ചതിന്റെ സന്തോഷം. ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് കല്യാണിക്ക് മന്ത്രി കെ രാധാകൃഷ്ണൻ താക്കോൽ കൈമാറിയത്. സുരക്ഷിതമായ വീട്ടിൽ ഇനി ഭയമില്ലാതെ അന്തിയുറങ്ങാമെന്ന ആശ്വാസത്തിലാണ് കല്യാണി. ഇവർ ഉൾപ്പെടെ പത്ത് പേർക്കാണ് അദാലത്തിൽ ലൈഫ് വീടിന്റെ താക്കോൽ ലഭിച്ചത്.

75കാരിയായ കല്യാണി പൊട്ടിപ്പൊളിഞ്ഞ് നിലം പതിക്കാറായ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.  ഭർത്താവ് നേരത്തെ മരിച്ചു.  മകൾ ഉഷയാണ് കല്യാണിയോടൊപ്പം താമസം. ഉഷ വിധവയാണ് ഉഷയുടെ മകൾ അശ്വിനിക്ക് ബുദ്ധി വൈകല്യവുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയായ കല്യാണിക്ക് പ്രായാധിക്യം മൂലം കൃതമായി ജോലിക്കും പോകാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇപ്പോൾ വാർധക്യ പെൻഷനാണ് ആകെയുള്ള വരുമാനം. ലൈഫിൽ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണിന്നവർ.

കണിച്ചാർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പുള്ളോലിക്കൽ ശിശുപാലന് വാടക വീട്ടിൽ നിന്നുമുള്ള രക്ഷപ്പെടലാണ് ലൈഫ് വീട്ടിലേക്കുള്ള മാറ്റം. ഒരു വർഷമായി വാടക വീട്ടിലാണ് ഈ മൂന്നംഗ കുടുംബം. കാര്യമായ വരുമാനമില്ലാത്തതിനാൽ ജീവിതം പ്രയാസത്തിലായിരുന്നു. 40 വയസ്സുകാരൻ മകന് അപകടത്തിൽ പരിക്കേറ്റ് ചികിത്സ നടത്തിയതിനാൽ കൃത്യമായി ജോലി ചെയ്യാൻ പറ്റുന്നില്ല. ജീവിതം പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും ലൈഫിൽ വീട് ലഭിച്ചതിൽ സന്തോഷം തോന്നി എന്ന് ശിശുപാലൻ പറഞ്ഞു. ഇതിന് പുറമെ മാലൂർ പഞ്ചായത്തിലെ സി ജാനകി, സുധീഷ് കുമാർ മാടിയത്ത്, ലിനി ജോസഫ്, പേരാവൂർ പഞ്ചായത്തിലെ സി.കെ സുരേഷ്, സി.കെ രഞ്ജിനി, കേളകത്തെ സുകുമാരൻ, മുഴക്കുന്നിലെ രാജേഷ് ഇ, പായം പഞ്ചായത്തിലെ കവിത സജീവൻ എന്നിവർക്കാണ് വീട് ലഭിച്ചത്.