‘എട്ടു കൊല്ലം മുമ്പാണ് പട്ടയത്തിന് അപേക്ഷ കൊടുത്തത്. കൂടെയുള്ളവർക്കൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം ഒന്നും ആയില്ല ‘!പട്ടയത്തിനായി ഓഫീസുകൾ കയറി ഇറങ്ങിയ നാളുകളിലെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ സഫിയയുടെ തൊണ്ടയിടറി. എന്നാൽ ആ ദുരിതകാലത്തിന് അറുതിയായതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കാനും സഫിയ മറന്നില്ല. ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല അദാലത്തിൽ നടന്ന ലക്ഷംവീട് കോളനി പട്ടയ വിതരണത്തിൽ സഫിയക്ക് പട്ടയം ലഭിച്ചു.
പേരാവൂർ വെള്ളാർവള്ളി സ്വദേശി തെറ്റുവയൽ ലക്ഷംവീട് നിവാസി കുനിയിൽ സഫിയ ഉൾപ്പെടെ അഞ്ചു പേർക്കാണ് അദാലത്തിൽ പട്ടയം ലഭിച്ചത്.

തെറ്റുവയൽ ലക്ഷംവീട് കോളനിയിലെ നളിനി കുപ്പക്കൽ, ഖദീജ പനയച്ചേരി, മീന പാലേരി, കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് മൂന്ന് സെന്റ് കോളനിയിലെ മണിമോൾ എന്നിവരാണ് പട്ടയം ലഭിച്ച മറ്റുള്ളവർ. ഇവർ ഒരു മാസം മുമ്പാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകി ഇത്രയും പെട്ടെന്ന് പട്ടയം ലഭ്യമാകുമെന്ന് കരുതിയില്ലെന്നും വളരെ സന്തോഷത്തോടെയാണ് അദാലത്തിൽ നിന്നും മടങ്ങുന്നതെന്നും നളിനി പറഞ്ഞു.

വർഷങ്ങളായി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇവർക്ക് സ്ഥലത്തിന് പട്ടയം ലഭിക്കാത്തതിനാൽ കുടിവെള്ളത്തിനോ, വീട് അറ്റകുറ്റപ്പണി നടത്താനോ അപേക്ഷ സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. ആ പ്രതിസന്ധി മറികടന്ന സന്തോഷത്തിലാണ് ഇവരെല്ലാം അദാലത്തിൽ നിന്ന് മടങ്ങിയത്.