കൂട്ടുപുഴ പേരട്ട സ്വദേശി വി ഭാർഗവിയുടെ ജീവിതത്തെ അർബുദം കാർന്ന് തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബി.പി.എൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. ഇക്കാര്യം ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് തല അദാലത്തിൽ മന്ത്രി കെ രാധാകൃണനെ അറിയിച്ചതോടെ മുൻഗണന കാർഡ് ലഭിച്ച സന്തോഷത്തിലാണ് ഭാർഗവി.

2008 മുതൽ അർബുദത്തിന്  ചികിത്സ തേടുകയാണ് ഇവർ. ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചു. അദാലത്തിൽ മുൻഗണന കാർഡ് ലഭിച്ചതോടെ ഇനി ചികിത്സ ചെലവ് പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന സന്തോഷത്തിലാണ് ഈ 63കാരി. ശരീര വേദനക്കിടയിലും സർക്കാർ തീരുമാനം മനസ്സിന് ആശ്വാസമേകിയെന്ന് ഭാർഗവി പറഞ്ഞു. ഇവർക്ക് പുറമെ താലൂക്ക് പരിധിയിലെ റെജീന, റോസമ്മ, നാരായണി, നളിനി, ഏലിയാമ്മ, പ്രേമ എന്നിവർക്കും മന്ത്രി ബി പി എൽ കാർഡ് കൈമാറി. ഗുരുതര രോഗ ബാധിതരായ കുടുംബാംഗങ്ങളുള്ളത് പരിഗണിച്ചാണ് കാർഡ് നൽകിയത്.