ഓണാഘോഷത്തിനായി വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വയലാ വടക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മാതൃകയായി. ഓണാഘോഷത്തിനായി രക്ഷിതാക്കള്‍ സ്‌പോണ്‍സര്‍ചെയ്തിരുന്ന തുകകളും വിദ്യാര്‍ഥികളുടെ ചെറിയ സംഭാവനകളും ചേര്‍ത്ത് 10000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നേരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തിയ ധനശേഖരണത്തിലും സ്‌കൂളിലെ കുട്ടികള്‍ 1500 രൂപയോളം സംഭാവന നല്‍കിയിരുന്നു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം ജെയ്‌സി കോശി, പ്രഥമാധ്യാപിക എ.ജെ.രാധാമണി, പിറ്റിഎ പ്രസിഡന്റ് കെ.പി.ശ്രീഷ്, വൈസ്പ്രസിഡന്റ് എന്‍.വിജയന്‍, എസ്എംസി അംഗങ്ങളായ ഡി.സത്യവാന്‍, എസ്.സുജിത്ത്, സ്‌കൂള്‍ ലീഡര്‍ ശ്രേയ ലക്ഷ്മി,      വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് തുക കൈമാറിയത്. ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതബാധിതരോട് ഒപ്പം നില്‍ക്കുവാന്‍ ചെറിയ സ്‌കൂളിലെ  അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും കാണിച്ച സന്മനസ് അനുകരണീയമായ മാതൃകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.