ആടിനേയും ആട്ടിന്‍കുട്ടിയേയും പുലിപിടിച്ചെന്ന ബിനോയിയുടെ പരാതിയില്‍ ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കിക്കൊണ്ട് കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിന് വിജയത്തുടക്കം. 2022 ലാണ് ബിനോയിയുടെ ഉപജീവനമാര്‍ഗമായ ആടും അതിന്റെ കുട്ടിയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വനം വകുപ്പിന് പരാതി നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തുക ലഭിക്കാന്‍ വൈകുകയായിരുന്നു.
മറ്റ് ഉപജീവനമാര്‍ഗങ്ങളൊന്നുമില്ലാത്ത ബിനോയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസം. അദാലത്തിലെത്തി മന്ത്രി പി.രാജീവിനെ തന്റെ ദുരിതക്കഥ അറിയിക്കുകയായിരുന്നു. ബിനോയിയുടെ അപേക്ഷ അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 50000 രൂപ അദാലത്തില്‍ വച്ച് തന്നെ ബിനോയിക്ക് ലഭ്യമാക്കി.
പരാതിക്ക് പരിഹാരമുണ്ടാകുമെന്ന വിശ്വാസത്തിലാണ് താന്‍ അദാലത്തിലെത്തിയതെന്നും ആ വിശ്വാസം തെറ്റിയില്ലെന്നും ബിനോയ് നിറകണ്ണുകളോടെ പറഞ്ഞു.
(പിഎന്‍പി 1524/23)