ഗുരുനാഥന്‍മണ്ണ് വയ്യാറ്റുപുഴ റോഡിലെ ഇടക്കാട് ഭാഗം സഞ്ചാരയോഗ്യമാക്കണമെന്ന വര്‍ഗീസ് കോശിയുടെ അപേക്ഷയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സത്വര നടപടി. സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല
അദാലത്തിനെത്തിയാണ് വര്‍ഗീസ് ഒരു പ്രദേശത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം അറിയിച്ചത്.

രണ്ട് പഞ്ചായത്തിന്റെ അതിര്‍ത്തിയായ ഈ റോഡിന്റെ 500 മീറ്റര്‍ വനഭാഗമാണ്. അതിനാല്‍ റോഡ് നിര്‍മാണത്തിനുള്ള ഏത് പദ്ധതി വന്നാലും ഇവിടം കോണ്‍ക്രീറ്റ് ചെയ്യാതെ ഒഴിവാക്കുകയാണ് പതിവ്. ഈ പ്രദേശത്ത് ജനങ്ങള്‍ താമസിക്കാന്‍ തുടങ്ങിയ കാലത്ത് നിര്‍മാണം നടത്തിയ ആദ്യ റോഡാണ് വയ്യാറ്റുപുഴ റോഡിലെ ഇടക്കാട് ഭാഗം. എന്നാല്‍ ഈ റോഡ് ഇപ്പോള്‍ അവഗണനയുടെ വക്കിലാണ്. ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ 300 വീടുകളും ഏകദേശം ആയിരത്തോളം ആളുകളും ഒറ്റപ്പെടുകയാണെന്നും വര്‍ഗീസ് മന്ത്രിയെ അറിയിച്ചു.

വര്‍ഗീസിന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. വനംവകുപ്പിന്റെ എന്‍ഒസിക്കായി സീതത്തോട് ഗ്രാമപഞ്ചായത്ത് അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് വനംവകുപ്പ് അത് ലഭ്യമാക്കണമെന്നും പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നു എന്നുറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. റാന്നി ഡിഎഫ്ഒയേയും സീതത്തോട് പഞ്ചായത്ത് സെക്രട്ടറിയേയും തുടര്‍നടപടിക്കായി മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.