മഴയെത്തുമ്പോള്‍ പ്രളയത്തെയും കൃഷിനാശത്തേയും ഭയക്കുന്ന കഥയാണ് എല്ലാവര്‍ക്കുമുള്ളതെങ്കില്‍ വേനല്‍ക്കാലത്തെത്തുന്ന വെള്ളത്തില്‍ കൃഷിയും വീടും തകരുന്ന ദുരിതമാണ് കലഞ്ഞൂര്‍ സ്വദേശി മോഹനന് പറയാനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തില്‍ വച്ചായിരുന്നു മോഹനന്‍ തന്റെ ദുരിതാവസ്ഥ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചത്.
മോഹനന്റെ വീടിന്റെ മുകള്‍ ഭാഗത്തുകൂടിയാണ് കെഐപിയുടെ സബ് കനാല്‍ പോകുന്നത്. ചരിഞ്ഞ പ്രദേശമായിരുന്നതിനാല്‍ മണ്ണ് ഇട്ട് ഉയര്‍ത്തിയാണ് കനാല്‍ നിര്‍മിച്ചത്. കാലപ്പഴക്കത്താല്‍ കനാലിലെ കോണ്‍ക്രീറ്റ് അടഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. വേനല്‍ക്കാലത്ത് കനാലിലൂടെ വെള്ളം തുറന്ന് വിടുമ്പോള്‍ അത് ഒഴുകിപോകാതെ ഉറവയായി മണ്ണിനടിയിലൂടെ ഇറങ്ങി വീടിന്റെ പരിസരത്തേക്കും കൃഷി സ്ഥലത്തേക്കും എത്തി ദുരിതം സൃഷ്ടിക്കുകയാണ്. പരാതി നല്‍കി രണ്ട് വര്‍ഷം മുന്‍പ് കെ ഐ പി അധികൃതര്‍ വന്ന് സ്ഥലം പരിശോധിക്കുകയും അടിയന്തരമായി തന്നെ പരിഹാരം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് എടുത്ത് നല്‍കിയ ഫണ്ട് അനുവദിക്കാത്തത് പണി വൈകാന്‍ കാരണമാകുന്നുവെന്നും 50 വര്‍ഷത്തിലേറെ പഴക്കമുള്ള വീട് വെള്ളം കെട്ടിനിന്ന് ഒരു വശം താഴ്ന്ന നിലയിലായെന്നും അവിടെ ഇപ്പോള്‍ കൃഷി പണികള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മോഹനന്‍ മന്ത്രിയെ അറിയിച്ചു.
മോഹനന്റെ പരാതി കേട്ട ആരോഗ്യമന്ത്രി അടിയന്തരമായി കനാലിന്റെ കേടുപാടുകള്‍ നീക്കി വെള്ളമൊഴുകുന്നതിനുള്ള മാര്‍ഗം സ്വീകരിക്കാനും മോഹനന്റെ വീട് വാസയോഗ്യമാണോയെന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് വീട് സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തന്റെ ഏറെക്കാലമായുള്ള പരാതിക്ക് പരിഹാരം ലഭിച്ച സന്തോഷത്തിലാണ് മോഹനന്‍ അദാലത്തില്‍ നിന്ന് മടങ്ങിയത്.