പറഞ്ഞിട്ടും കണ്ണുരുട്ടിയിട്ടും പിന്മാറാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെ കൊണ്ടറിയാനാകും അവരുടെ വിധി. കേരളാ പൊലീസിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയിലൂടെ പരിശീലനം ലഭിച്ചവരെ നേരിടാൻ പോയാൽ തടി കേടാകുമെന്ന് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ മെഗാ മേളയിലെ പൊലീസിന്റെ സ്റ്റാളിലെത്തുന്നവർക്ക് തോന്നിയാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
തോക്കുൾപ്പടെ പ്രതിരോധത്തിനുള്ള ആയുധങ്ങൾ ഒരു ഭാഗത്തും ആയുധവുമായി വരുന്നവരെ നിരായുധരായി നേരിടുന്ന രീതി മറുഭാഗത്തും ഒരുക്കിയാണ് മേളയിൽ പൊലീസിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നത്. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും സ്വയം സുരക്ഷ ഉറപ്പു വരുത്താനുമുള്ള പരിശീലന രീതിയാണ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി മേളയിൽ പരിചയപ്പെടുത്തുന്നത്.
അതിക്രമം നേരിടുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും ദേഹോപദ്രവം ഏൽപ്പിച്ചാൽ രക്ഷപ്പെടുന്നതിനുള്ള മാർഗങ്ങളും പ്രത്യേകം വിശദീകരിച്ച് നൽകുന്നുണ്ട്. മലപ്പുറം ജില്ലയിൽ 2015 മുതൽ 53,838 സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരത്തിൽ സ്വയം പ്രതിരോധത്തിനാവശ്യമായ പരിശീലനം നൽകിയതായി പദ്ധതിയുടെ നോഡൽ ഓഫീസർ കൂടിയായ ഡി.വൈ.എസ്.പി സി. ബിനുകുമാർ പറഞ്ഞു. വിദഗ്ധരായ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. ഏഴ് മുതൽ 70 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്.
കുടുംബശ്രീ, റസിഡൻഷ്യൽ അസോസിയേഷനുകൾ, സ്‌കൂളുകൾ, കലാലയങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ആവശ്യാനുസരണം പരിശീലന പരിപാടികൾ സൗജന്യമായാണ് നൽകുന്നത്. മൂന്ന് മുതൽ 10 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. എ.എസ്.ഐ കെ. വത്സല, സീനിയർ സിവിൽ പോലിസ് ഓഫിസർ കെ.സി സിനിമോൾ എന്നിവരാണ് മുഖ്യ പരിശീലകർ.