നാളെയുടെ ശുചിത്വമുള്ള തൃശൂരിനൊപ്പം എന്റെ കേരളം വിപണനമേളയും ഒത്തുചേർന്നു. സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം വിപണന മേളയിൽ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണവകുപ്പും ചേർന്ന് മാലിന്യമുക്ത തൃശൂർ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മാലിന്യസംസ്കരണവും പൊതുബോധം ഉയർത്തുന്നതിനുള്ള കർശന നടപടികൾ പഞ്ചായത്ത് തലത്തിൽ നിന്ന് എടുക്കണമെന്ന് എംഎൽഎ പറഞ്ഞു.
ഖര – ദ്രവ മാലിന്യസംസ്കരണം നിത്യ ജീവിതത്തിലെ പ്രധാന ഘടകമാണ്. ദ്രവ മലിനീകരണം മാത്രം ഭൂമിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഏറെയാണ്. ഖര-ദ്രവ്യ – പ്ലാസ്റ്റിക് മാലിന്യ സംസ്കരണ രീതികളെയും ഫീക്കൽ ട്രീറ്റ്മെന്റ് രീതികളെയും നിയമവശങ്ങളെയും കുറച്ച് സെമിനാറിൽ പ്രതിപാദിച്ചു.
വൃത്തിയുള്ള തൃശൂർ വാർത്തെടുക്കുന്നതിന് ശുചിത്വം, ആരോഗ്യം, നിയമം, മലീനീകരണം എന്നീ വിവിധ മേഖലകളിലെ വിദഗ്ദരെ പങ്കെടുപ്പിച്ച് പാനൽ ചർച്ചയിലൂടെയാണ് സെമിനാർ ഒരിക്കയത്. കൂടാതെ മാലിന്യ സംസ്കരണത്തിലൂടെ നാടിനെ മാലിന്യ മുക്തമാക്കുന്ന കൊരട്ടി ഗ്രാമപഞ്ചായത്ത്, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി തുടങ്ങിയവരുടെ മാതൃകാ പ്രവർത്തന പദ്ധതികളുടെ അവതരണവും സെമിനാറിലെ വ്യത്യസ്ത കാഴ്ചയായി.
മാലിന്യമുക്ത ജില്ല കൈവരിച്ച നേട്ടങ്ങളെയും കോർപ്പറേഷൻ പദ്ധതികളയും കുറിച്ച് മേയർ എം കെ വർഗീസ് വിശദീകരിച്ചു. പാനൽ അംഗങ്ങളായ ശുചിത്വ മിഷൻ ഡയറക്ടർ കെ എസ് പ്രവീൺ, മുൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ എ എസ് പ്രദീപ് കുമാർ, അഡ്വക്കേറ്റ് ബെറ്റി സി ജോസ്, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ വി സുചിത്ര, സമുദ്ര ഷിപ്പ്യാർഡ് പ്രൈവറ്റ് ലിമിറ്റഡ് പ്രൊജക്ട് ഹെഡ് വൈഭവ്, ഏലൂർ മലിനീകരണ ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എം എൻ കൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സെമിനാറിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഏണസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഹരിതകർമ്മ സേന പ്രവർത്തകർ , മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തകൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.