രാജ്യത്തെ പട്ടിക വർഗ്ഗ വിഭാഗം താമസിക്കുന്ന ഊരുകളിൽ സമ്പൂർണ്ണ വൈദ്യുതീകരണം നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ പാർലിമെന്ററി കാര്യ മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിൽ 20 കോളനികളിൽ മിനി ഹൈ മാസ്റ്റ് ലൈറ്റുകളുടെ, പഞ്ചായത്ത് വാട്ടർ എ. ടി. എം.ന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട് എന്നും മന്ത്രി പറഞ്ഞു.
2022-23 വർഷത്തെ പഞ്ചായത്ത് പ്ലാൻ ഫണ്ട് വഴി 31.5 ലക്ഷം രൂപ ചെലവിൽ 10 സോളാർ ലൈറ്റുകളും 10 ഇലക്ട്രിക് ലൈറ്റുകളും 20 പട്ടിക ജാതി കോളനികളിൽ സ്ഥാപിച്ചത്. 4 ലക്ഷം രൂപ ചിലവിലാണ് വാട്ടർ എ. ടി. എം. നിർമാണം പൂർത്തിയാക്കിയത്. അവിടെ നിന്ന് ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളവും അഞ്ചു രൂപക്ക് അഞ്ചു ലിറ്റർ വെള്ളവും ലഭ്യമാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷെയ്ഖ് അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിർമ്മല ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ ഗിരീഷ്, സുലൈമാൻ പടപ്പ്‌, താജുന്നിസ, ബിന്ദു തുടങ്ങിയവർ സന്നിഹിതരായി.