പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാർ. ‘മാറുന്ന കാലഘട്ടവും ഉത്തരവാദിത്തപൂർണമായ രക്ഷാകർതൃത്വവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത സെമിനാറിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു.
ഡിജിറ്റൽ സാങ്കേതിക വിദ്യകൾ അനുദിനം വളരുന്ന കാലഘട്ടത്തിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട നല്ല രക്ഷകർതൃത്വ ശീലങ്ങളെ കുറിച്ച് എറണാകുളം പാറകടവ് ബ്ലോക്കിലെ വനിതാ ശിശു വിസന വകുപ്പ് ഓഫീസർ ഗീതാഞ്ജലി ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൃശൂർ ഗവ. മാനസികാരോഗ്യ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.കെ റഹീമുദീനും ക്ലാസെടുത്തു.
പരിപാടിയിൽ പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻ രജീഷ് ഊമ്പാല, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇ. അബ്ദുൾ റഷീദ്, ഐ.സി.ഡി.എസ് പ്രോഗ്രാം മാനേജർ കെ.കൃഷ്ണമൂർത്തി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ മേരി ജോൺ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത അറ്റാശ്ശേരി, വനിതാ സംരക്ഷണ ഓഫീസർ ടി.എം ശ്രുതി, പൊന്നാനി ഐ.സി സി.എസ് ഓഫീസർ ടി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.