സാമൂഹിക ബഹുസ്വരതയുടെയും ഉൾച്ചേർക്കലുകളുടെയും തുല്യ അവസരത്തിന്റെയും രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു ഐ.സി.ഡി.എസ് പ്രവർത്തകർ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ അവതരിപ്പിച്ചത്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള ഈ കലാവിഷ്‌കാരത്തിനെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്. സ്ത്രീ വിവേചനവും പെൺകുട്ടികളുടെ സുരക്ഷിതത്വവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് അവരിൽ ആത്മവിശ്വാസം വളർത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ വനിതാ ശിശു വികസന വകുപ്പ് ദൃശ്യവിരുന്ന് ഒരുക്കിയത്.
താനൂർ അഡീഷണൽ, തിരൂർ നഗരസഭ, തിരൂർ തലക്കാട്, പെരുമ്പടപ്പ്, പൊന്നാനി, പൊന്നാനി അഡീഷണൽ തുടങ്ങിയ ഐ.സി.ഡി.എസ് പ്രവർത്തകരുടെ സംഘങ്ങളാണ് പരിപാടി അവതരിപ്പിച്ചത്.