എന്റെ കേരളം പ്രദർശന വിപണന മേളയിലെ മൂന്നാം ദിവസത്തിലെ അവസാന സംസ്‌കാരിക പരിപാടിയായ ഹിഷാം അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത നിശ ആസ്വദിക്കാൻ എത്തിയവർക്ക് സമ്മാനിച്ചത് ആസ്വാദനത്തിന്റെ സുന്ദര നിമിഷങ്ങൾ. രണ്ട് മണിക്കൂറോളം നീണ്ട സംഗീത പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഓരോ പാട്ടുകളിലും സദസ്സ് അലിഞ്ഞ് ചേരുകയായിരുന്നു. ഒപ്പം പാടി, നൃത്തം വെച്ച് സംഗീത നിശയിൽ മതിമറന്നാടുകയായിരുന്നു ഓരോരുത്തരും.
സൗണ്ട് എൻജിനീയറും റിയാലിറ്റി ഷോയിലും മ്യൂസിക് ആൽബത്തിലുമൊക്കെയായി സംഗീത ലോകത്ത് നേരത്തെ തന്നെ സ്ഥാനം പിടിച്ച സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പാട്ടുകൾ ആസ്വാദകർക്ക് നവ്യാനുഭൂതി നൽകുന്നതായിരുന്നു. മലയാളികൾക്ക് പ്രിയപ്പെട്ട മെലഡിയും യുവതയുടെ ആവേശമായ വെസ്റ്റേണും ജാസും സൂഫിയും കർണ്ണാടിക് സംഗീതമൊക്കെ ചേർന്ന ഗാനങ്ങൾ ആസ്വാദകരെ ആവേശത്തിലാക്കി. ഹൃദയം സിനിമയിലെ പാട്ടുകളും മറ്റു പാട്ടുകളും കാണികൾ ഏറ്റുപാടി.
പുതുമ നിറഞ്ഞ വാദ്യോപകരണങ്ങളുടെ സമ്മേളനം കൂടിയായിരുന്നു ഹിഷാമിന്റെ സംഗീത നിശ. മലയാള ഗാനങ്ങൾക്കു പുറമേ തമിഴ് ഹിന്ദി ഗാനങ്ങളും ആസ്വാദകരെ രോമാഞ്ചം കൊള്ളിച്ചു.