തൃശൂർ പൂരം കാണാനായില്ലെങ്കിലും പൊന്നാനിയിലെ ജനകീയ പൂരത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് ജർമൻ സ്വദേശിനി ചാർലറ്റ് കെയ്നിഗ്.
പൊന്നാനിയിലെ എന്റെ കേരളം മേളയിലാണ് യാദൃശ്ചികമായി വിദേശ വനിത സന്ദർശത്തിനെത്തിയത്. നെതർലാൻഡിലെ സർവകലാശാലാ വിദ്യാർഥിനിയായ ചാർലറ്റ് ഗവേഷണത്തിന്റെ ഭാഗമായാണ് ഒരു മാസം മുമ്പ് പൊന്നാനിയിലെത്തുന്നത്. പൂര നാളിൽ കേരളത്തിലുണ്ടായിരുന്നെങ്കിലും ഗവേഷണത്തിന്റെ തിരക്കുകൾ കാരണം പോകാൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് പൊന്നാനിയിൽ സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേള നടക്കുന്നതായി സുഹൃത്ത് വഴി അറിയുന്നത്. കത്തുന്ന വേനൽച്ചൂട് കാരണം ആദ്യം ഒന്നു മടിച്ചെങ്കിലും ശീതീകരിച്ച ജർമൻ ഹാംഗറിലാണ് പ്രദർശനമെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ആരോഗ്യ മേഖലയിലുൾപ്പടെ വിവിധ രംഗങ്ങളിൽ കേരളം നമ്പർ വൺ എന്ന് ജർമനിയിലിരിക്കെ തന്നെ അറിഞ്ഞതാണ്. എന്നാൽ കേരളം ഒന്നാമതായത് എങ്ങനെയെന്നതിന്റെ നേർക്കാഴ്ചകളാണ് മേളയിലെത്തിയ ചാർലറ്റിനെ വരവേറ്റത്. ഒപ്പം കേരളത്തിന്റെ തനത് രുചികളും പാരമ്പരാഗത രീതികളും അനുഭിച്ചറിഞ്ഞാണ് ചാർലറ്റ് മേള നഗരിയിൽ നിന്ന് മടങ്ങിയത്.
മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ ഒരുക്കിയ സംരക്ഷണ കേന്ദ്രമായ ‘ഹാപ്പിനെസ് സെന്ററിനെ’ (എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ) സംബന്ധിച്ച് ഗവേഷണം നടത്താനായാണ് ചാർലറ്റ് പൊന്നാനിയിലെത്തിയത്. പൊന്നാനി നഗരസഭയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബാനിയൻസ് എന്ന എൻ.ജി.ഒ സംഘടനയും പൊന്നാനി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.