Qകാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നതെന്നും
അതത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യമെന്നും പൊതു വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ‘എന്റെ കേരളം’ പ്രദർശന നഗരിയിൽ ‘മാറുന്ന കാലത്തെ പൊതുവിദ്യഭ്യാസം’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
വിദ്യഭ്യാസ മേഖല നിരന്തര പരീക്ഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. അത് മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ ഉദ്ഘാടനവും വിഷയാവതരണവും നടത്തി. എസ്.എസ്. കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ ലെക്ചറർ ഡോ. കെ. സലീമുദ്ദീൻ മോഡറേറ്ററായി. ജില്ലയിലെ തിരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങൾ പ്രബന്ധമവതരിപ്പിച്ചു.
ജി.എം.യു.പി.എസ് അരീക്കോട്, ജി.എച്ച്.എസ്.എസ് വെട്ടത്തൂർ, ജി.യു.പി.എസ് ചോക്കാട്, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂർ, എ.എം.എൽ.പി.എസ് പുതുപ്പാടം, ജി.യു.പി.എസ് പുറത്തൂർ സ്‌കൂളുകളാണ് മികവ് അവതരണം നടത്തിയത്. ഡയറ്റ് മലപ്പുറം പ്രിൻസിപ്പൽ ടി.വി ഗോപകുമാർ സ്വാഗതവും തിരൂർ ജില്ലാ വിദ്യഭ്യാസ ഓഫീസർ പ്രസന്ന നന്ദിയും പറഞ്ഞു.