ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശാരീരിക പരിമിതികൾ നേരിടുന്നതിന്റെ പേരിൽ ആരും പിന്തള്ളപ്പെടാൻ പാടില്ലെന്ന നിർബന്ധ ബുദ്ധി സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. മുളങ്കുന്നത്തുകാവ് കിലയിൽ വച്ചു നടന്ന ഗ്രാമപഞ്ചായത്തുകളിലെ കേൾവി പരിമിതരായ ഉദ്യോഗസ്ഥർക്കുള്ള ഐ എൽ ജി എം എസ് സൈൻ ലാംഗ്വേജ് പരിശീലന സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
സവിശേഷമായ കരുതലും പരിഗണനയും ആവശ്യമുള്ള എല്ലാ വിഭാഗത്തെയും സർക്കാർ പരിഗണിക്കും. വിവിധ പരിശീലന പരിപാടികളിൽ അവരുമായി ആശയവിനിമയം നടത്താൻ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഐ എൽ ജി എം എസ് സൈൻ ലാംഗ്വേജ്പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെയും പരിശീലന പരിപാടി സംഘടിപ്പിച്ച കിലയേയും മന്ത്രി അനുമോദിച്ചു.
മൂന്ന് ബാച്ചുകളിലായി പരിശീലനം പൂർത്തീകരിച്ച 46 പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കില ഡയറക്ടർ ജനറൽ ഡോ ജോയ് ഇളമൻ,ഡോ. സന്തോഷ് ബാബു ഐ എ എസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷ്ണൽ ഡയരക്ടർ എം പി അജിത് കുമാർ, പരിശീലനത്തിൽ പങ്കെടുത്ത ക്ലർക്കുമാരായ പി എസ് പ്രശാന്ത്, ഗീത, വിദ്യ മോൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.