അട്ടപ്പാടി വനസുന്ദരിക്ക് ശേഷം ഭക്ഷണ പ്രേമികളുടെ രുചിമുകുളങ്ങളെ കീഴടക്കാൻ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ എത്തിയിരിക്കുകയാണ് അട്ടപ്പാടി സോലൈ മിലൻ. പേര് പോലെ തന്നെ സാധനവും കുറച്ച് വെറൈറ്റിയാണ്. പുത്തൻ രുചികൾ തേടുന്നവർക്കും സ്ഥിരം വിഭവങ്ങൾ കഴിച്ചു മടുത്തവർക്കും ധൈര്യമായി പരീക്ഷിക്കാവുന്ന ഐറ്റം.

ചെറുധാന്യങ്ങൾ കൊണ്ടുള്ള ഉപ്പുമാവും ചിക്കനും ചേർത്തുള്ള രുചിയൂറുന്ന വിഭവത്തിന് നിരവധി ആരാധകരാണുള്ളത്. തേങ്ങ, അയമോദകം, ത്രിഫലി, കാട്ടുനെല്ലിക്ക, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഉണക്ക കുരുമുളക്, മഞ്ഞൾപ്പൊടി എന്നീ ചേരുവകൾ ചേർത്ത് ചുട്ടെടുക്കുന്ന കോഴിയിറച്ചി കൂവ ഇലയിൽ പൊതിഞ്ഞ് മുള ഉപയോഗിച്ച് ആവിയിൽ വേവിച്ചാണ് വിഭവം തയ്യാറാക്കുന്നത്. എണ്ണ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാൽ രോഗികൾക്കും കഴിക്കാം. ഇതിനോടൊപ്പം ചാമ അരിയിൽ തയ്യാറാക്കിയ ഉപ്പുമാവും ഊര് കാപ്പിയുമുണ്ട്. ഇതെല്ലാമുള്ള കോംബോ പാക്കിന് 190 രൂപയാണ് വില. അട്ടപ്പാടി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം ടീമിന്റെ റിസർച്ച് വിങ് ആണ് അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ട് ‘സോലൈ മിലൻ’ എന്റെ കേരളത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഭക്ഷണ പ്രേമികൾ ഏറ്റുവാങ്ങിയ ‘അട്ടപ്പാടി വനസുന്ദരിയും മേളയിൽ ലഭ്യമാണ്.