ഫുഡ് കോർട്ടിൽ ഇപ്പോൾ താരം ‘ശിഖാഞ്ചി’ സോഡയാണ്. പേര് കേട്ട് നെറ്റിചുളിക്കാൻ വരട്ടെ ആളങ്ങ് ഉത്തരേന്ത്യനാണ്. പറഞ്ഞുവരുമ്പോൾ നമ്മുടെ നാരങ്ങ സോഡയുടെ കൂട്ടത്തിലാണെങ്കിലും ഇതിൽ ചേർക്കുന്ന ഉത്തരേന്ത്യൻ ചാട്ട് മാസാലയും ബ്ലാക്ക് സാൾട്ടുമാണ് സോഡക്ക് അസാധ്യ രുചി സമ്മാനിക്കുന്നത്.
സോഡകളിൽ നിരവധി അനവധി പരീക്ഷങ്ങൾ നടത്തുന്ന കേരളത്തിൽ ആദ്യമായാണ് ഉത്തരേന്ത്യൻ മസാലയുടെ രുചി പടർത്തുന്ന ശിഖാഞ്ചി സോഡയെത്തുന്നത്.
നിരവധിയായ ജ്യൂസുകളും കുലുക്കികളും കൊണ്ട് ഭക്ഷണ പ്രേമികളെ ആകർഷിച്ച ട്രാൻസ്‌ജെൻഡർ സംരംഭകരായ ‘ലക്ഷ്യ’ ടീമാണ് ഈ പുതിയ സോഡ ഐറ്റം പൊന്നാനിക്ക് പരിചയപ്പെടുത്തുന്നത്.
ഡൽഹിയിലെ ഗുരുഗ്രാമിൽ നടന്ന ഭക്ഷ്യ മേളയിയിൽ നിന്നാണ് ലക്ഷ്യ ജ്യൂസ് ടീമിന് ശിഖാഞ്ചി സോഡയുടെ രുചി കൂട്ടുകൾ ലഭിച്ചത്. അവിടെയുള്ള സുഹൃത്തുകൾ വഴി പ്രത്യേക മാസാലകളും കറുത്ത ഉപ്പും പൊന്നാനിയിലെ മേളയിൽ എത്തിച്ചാണ് ശിഖാഞ്ചി തയ്യാറാക്കുന്നത്. ഭക്ഷണശേഷം ഒരു ശിഖാഞ്ചി കഴിച്ചാൽ ദഹനത്തിനും ക്ഷീണത്തിനുമെല്ലാം ഇവൻ സൂപ്പറാണ്. കറുത്ത ഉപ്പ് ആരോഗ്യദായകമായതിനാൽ കൊച്ചു കുട്ടികൾക്ക് വരെ ധൈര്യമായി ഉപയോഗിക്കാം.
എറണാകുളത്തു നിന്നുള്ള ട്രാൻസ്‌ജെൻഡർ കൂടുംബശ്രീ യൂണിറ്റായ ലക്ഷ്യയിൽ അമൃത, അനാമിക, മരിയ, മിഥുൻ എന്നിവരാണ് വ്യത്യസ്ത ജ്യൂസുകൾ തയ്യാറാക്കുന്നത്.