പുത്തൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഗ്രന്ഥശാല രംഗത്ത് പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അഴീക്കോട്‌ മണ്ഡലത്തിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വരുമ്പോൾ വായനയും ലൈബ്രറികളും ഇല്ലാതാകും എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഈ ധാരണ തെറ്റായിരുന്നു. ഇന്ന് ലോകത്തിലെ ഏത് കോണിലെ പുസ്തകങ്ങളും വായിക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യ നമ്മെ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ വായനയും മനുഷ്യത്വവും സഹജീവി സ്നേഹവും എല്ലാം ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിലൂടെ സാധ്യമാക്കാൻ കഴിയട്ടെ എന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള ലാപ്ടോപ് വിതരണം മന്ത്രി നിർവഹിച്ചു.
കെ വി സുമേഷ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ് മണ്ഡലത്തിലെ ലൈബ്രറികളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രിന്റർ, സൗണ്ട് സിസ്റ്റം എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. മണ്ഡലത്തിലെ 52 ലൈബ്രറികൾക്ക് ലാപ്ടോപ്പ്, 38 ലൈബ്രറികൾക്ക് പ്രൊജക്ടർ സ്ക്രീൻ, 49 ലൈബ്രറികൾക്ക് മൾട്ടി ഫംഗ്ഷൻ പ്രിന്റർ, 16 ലൈബ്രറികൾക്ക് സൗണ്ട് സിസ്റ്റം എന്നിവയാണ് പദ്ധതിയിലൂടെ നൽകുന്നത്.
ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ മുഖ്യഥിതിയായി. പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത്.എ.പി റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി സരള, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾനിസാർ വായിപ്പറമ്പ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ പി ഒ ചന്ദ്രമോഹനൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി എം ബാലൻ ലൈബ്രറി കൗൺസിൽ ചിറക്കൽ മേഖല പ്രസിഡണ്ട് ബിനോയ് മാത്യു എന്നിവർ സംസാരിച്ചു. ലൈബ്രറികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ ക്ലാസും ഉണ്ടായിരുന്നു.