‘വര്‍ഷങ്ങളായി കൈയിലുണ്ടായിരുന്ന ഭൂമിയുടെ പട്ടയം അലച്ചിലിന് ഇടയാക്കാതെ കൈയില്‍ തന്ന സര്‍ക്കാരിന്  നന്ദി’ പാണപ്പുഴ വില്ലേജിലെ 71 കാരിയായ ആനിടില്‍ തങ്കമണി ഉള്‍പ്പെടെ അഞ്ച് കുടുംബങ്ങള്‍ അദാലത്തില്‍ നിന്നും മടങ്ങിയത് നിറചിരിയോടെ. പയ്യന്നൂരില്‍ നടക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് അഞ്ച് കുടുംബങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും പട്ടയം ഏറ്റുവാങ്ങിയത്. വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ഒന്നും നടത്താന്‍ ഈ കുടുംബങ്ങള്‍ക്ക്  സാധിച്ചിരുന്നില്ല. 30 വര്‍ഷത്തിലധികം കൈവശം വെച്ച ഭൂമിക്കാണ് പാണപ്പുഴ വില്ലേജിലെ കൈതപ്രം കരിങ്കച്ചാലില്‍ എ തങ്കമണിക്ക് പട്ടയം ലഭിച്ചത്. ഭൂദാന പട്ടയമാണ് ലഭിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കൊപ്പം കൈകാലുകള്‍ക്ക് ശേഷിക്കുറവുണ്ട്. 43 സെന്റിലാണ് ഇവര്‍ മകനോടൊപ്പം താമസിക്കുന്നത്.

ലക്ഷം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാങ്കോല്‍ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് അനുഭവിച്ചു വരുന്ന നാല് കുടുംബങ്ങള്‍ക്കും പട്ടയം കൈമാറി. കുണ്ടയംകൊവ്വലിലെ പി രതീശന്‍, കണ്ടോത്ത് താഴെക്കുന്നിലെ ടി വി നാരായണന്‍, കാങ്കോല്‍ താഴെ കുറുന്തിലെ എം പി ഭാസ്‌കരന്‍, മാവില കടപ്പുറത്തെ കെ പി വി സുകേശിനി എന്നിവര്‍ക്കാണ് കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചത്.