സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനിക ലോകത്ത് മുന്നേറാന്‍ ആവില്ലെന്നും അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളെജില്‍ പുതുതായി നിര്‍മിച്ച ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതിക വിദ്യാഭ്യാസത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിത്. 2050 ആകുമ്പോള്‍ തൊഴിലവസരങ്ങളില്‍ 75 ശതമാനവും നൂതന സാങ്കേതികവിദ്യയില്‍ നിന്നാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ കേരളത്തിന്റെ മുന്നേറ്റത്തിന് അടിത്തറ ഒരുക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ എന്‍ജിനീയറിങ് കോളെജുകള്‍ പ്രധാനപ്പെട്ടതാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ട് നൂതന തൊഴില്‍ മേഖലയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. അതിനായി ഇന്‍ക്യുബെഷന്‍ സെന്ററുകള്‍ എല്ലാ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജിലും ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ ശേഷി നൈപുണ്യം വര്‍ധിപ്പിച്ച് പുതിയ തൊഴില്‍ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന കണക്ട് കരിയര്‍ ടു ക്യാമ്പസ് പദ്ധതി ശ്രദ്ധേയമായ ഇടപെടലായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തില്‍ മുന്നേറുന്ന തൊഴില്‍ മേഖലകളാണ് ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രിക് വാഹന നിര്‍മ്മാണം എന്നിവ. ഈ മേഖലകളിലെല്ലാം നാടിന് മുന്നേറാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഐ.ടി മേഖലയുടെ വര്‍ക്കിങ് സ്‌പേസിന്റെ വിസ്തീര്‍ണം വ്യാപിപ്പിക്കല്‍, സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കല്‍ തുടങ്ങി വലിയതോതിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ശാസ്ത്രസാങ്കേതിക രംഗത്ത് സംസ്ഥാനത്തിന്റെ മുന്നേറ്റം സാധ്യമാക്കാനാണ് ഇത്തവണ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 3500 കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ സയന്‍സ് പാര്‍ക്ക്, വാട്ടര്‍ മെട്രോ തുടങ്ങി നൂതനമായ ആശയങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം സംരംഭക വര്‍ഷമായാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 1,39,000 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതുവഴി സാധ്യമായത് 8000 കോടിയുടെ നിക്ഷേപമാണ്. 2,80,000-ത്തോളം തൊഴിലവസരങ്ങള്‍ അത് വഴി സൃഷ്ടിക്കപ്പെട്ടു.

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ നൂതനമായ ഒട്ടേറെ ആശയങ്ങള്‍ ഉണ്ടാകും. അവയെ ഉത്പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്ക് മുന്നിട്ടിറങ്ങണം. അതിന് എല്ലാ സഹായവും നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ഉത്പാദനക്ഷമതയും നൈപുണ്യ വികസനവും കൈവരിച്ച് നവകേരളത്തിലേക്ക് മുന്നേറാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ കോളെജിലെ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.

അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. രാധിക, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍, ഗ്രാമപഞ്ചായത്തംഗം ലിനി, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പാലക്കാട് പി.ഡബ്ല്യു.ഡി. എക്സി. എന്‍ജിനീയര്‍ സി. രാജേഷ് ചന്ദ്രന്‍, കോളെജ് പ്രിന്‍സിപ്പാള്‍ രഘുരാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.