സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ നയത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 1.21 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞവര്‍ഷം 54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ വര്‍ഷം 67,069 പട്ടയങ്ങളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്ന ജില്ല പാലക്കാടാണ്. 17,845 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ ഇത്രയും കുടുംബങ്ങളെ ഭൂമിയുടെ അവകാശികളായി മാറ്റാന്‍ സര്‍ക്കാറിന് സാധിച്ചു. നൂറുദിവസങ്ങള്‍ കൊണ്ട് 100 സ്മാര്‍ട്ട് വില്ലേജുകള്‍ പൂര്‍ത്തീകരിക്കണമെന്ന് ലക്ഷ്യമാക്കിയപ്പോള്‍ നൂറുദിനം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് 117 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിക്കാനായി എന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായും അതിവേഗമായും നടത്തിക്കൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും അതിവേഗം സ്മാര്‍ട്ടാക്കാനും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി റവന്യൂ വകുപ്പും സ്മാര്‍ട്ട് ആവുകയാണെന്നും ജനങ്ങളെയും ഡിജിറ്റല്‍ സേവനത്തിന് പര്യാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. മറ്റു വകുപ്പുകളെക്കാള്‍ സങ്കീര്‍ണമായ ചുമതലകള്‍ വഹിക്കുന്ന വകുപ്പ് എന്ന നിലയില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളിലേക്ക് വരുന്ന അപേക്ഷകള്‍, മറുപടി തുടങ്ങി എല്ലാ സേവനങ്ങളും ഓണ്‍ലൈനായി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞു.