അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും ‘ താലൂക്ക് തല  പരാതി പരിഹാര അദാലത്തിന് ചിറ്റൂരില്‍ തുടക്കമായി. സാങ്കേതിക പ്രശ്‌നങ്ങള്‍, നടപടി ക്രമങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങള്‍ മൂലം സേവനമെന്ന അവകാശം ലഭ്യമാകാതെ പോയ പരാതികള്‍ ഈ അദാലത്തുകളില്‍ പരിഹരിക്കപ്പെടുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എം.ബി രാജേഷ്.

ഓണ്‍ലൈനായും നേരിട്ടും  565 അപേക്ഷകളാണ് ലഭിച്ചത്.   നേരത്തെ സ്വീകരിച്ച പരാതികളില്‍ പരിശോധന നടത്തി നിയമപരമായി പരിഹരിക്കാവുന്ന പരാതികള്‍ക്കെല്ലാം അദാലത്തില്‍  തീര്‍പ്പുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. അവകാശം എന്ന നിലയില്‍ ലഭ്യമാക്കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ തുടക്കമാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിവരുന്ന അവ്യക്തതകളോ ആശയക്കുഴപ്പങ്ങളോ ഉള്ള പ്രശ്‌നങ്ങള്‍ പിന്നീട് പരിഹരിക്കുമെന്നും അദാലത്തില്‍ വന്നിട്ടുള്ള പരാതികള്‍ക്കെല്ലാം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇത്തരമൊരു അദാലത്ത് സംഘടിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണെന്നും സര്‍ക്കാറിന്റെ സേവനങ്ങള്‍ ഓരോരുത്തര്‍ക്കും ലഭ്യമാക്കുക എന്നത് ഔദാര്യമല്ല അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍-കുടിശ്ശിക ലഭിക്കുക, എന്നിങ്ങനെ 28 വിഷയങ്ങളിലുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുകയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പരിപാടിയില്‍ കെ. ബാബു എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. വി മുരുകദാസ്, ആര്‍. ചിന്നക്കുട്ടി, സി. ലീലാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, എ.ഡി.എം കെ. മണികണ്ഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.