തെലുങ്കർ കോളനിയിലെ 24 കുടുംബങ്ങൾക്ക് പട്ടയം
കാലങ്ങളായി ജീവിച്ചു പോന്ന മണ്ണിൽ നിന്ന് കുടിയിറക്കലിന്റെ ഭീതി മറന്ന് ഇനി അവർക്ക് സുഖമായി ഉറങ്ങാം. തലപ്പിള്ളി താലൂക്ക്, കുമരനെല്ലൂർ വില്ലേജ് തെലുങ്കർ കോളനിയിൽ ആന്ധ്രയിൽ നിന്ന് കുടിയേറി പാർത്ത ആറ് കുടുംബങ്ങൾക്കും സംസ്ഥാന പട്ടയമേളയിൽ സ്വപ്ന സാക്ഷാത്കാരം.
ആന്ധ്രപ്രദേശിൽ നിന്ന് 50 വർഷം മുൻപ് കേരളത്തിൽ എത്തിയവരാണ് ഇവർ. പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചാണ് 42 വർഷം മുൻപ് ഇവർ കുമരനെല്ലൂർ പ്രദേശത്ത് എത്തിയത്. കല്ലുകൊത്തലായിരുന്നു ഉപജീവനം. അതിന് അനുയോജ്യമായ പ്രദേശമായതിനാലാണ് കൂടുതൽ കുടുംബങ്ങൾ ഇവിടെയെത്തിയത്.
25 വയസിൽ കേരളത്തിലെത്തിയ മണികണ്ഠവിലാസം സുബ്ബമ്മ റവന്യൂമന്ത്രി കെ രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ 65-ാം വയസിൽ തന്റെ ദീർഘ നാളത്തെ സ്വപ്നം സ്വന്തമായതിന്റെ സന്തോഷത്തിലായിരുന്നു.
തെലുങ്ക് കുടുംബങ്ങൾ ഉൾപ്പെടെ 41 കുടുംബങ്ങളാണ് തെലുങ്കർ കോളനിയിലുള്ളത്. ഇതിൽ 24 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. കഴിഞ്ഞ 40 വർഷമായി രേഖകളില്ലാതെ കൈവശ ഭൂമിയിൽ താമസിച്ചു വന്നിരുന്ന കുടുംബങ്ങൾക്കാണ് പട്ടയ സൗഭാഗ്യം. കന്നാട്ടുപറമ്പിൽ പത്മനാഭനും സുഭദ്രയും 6.3 സെന്റ് സ്ഥലത്തിന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേരിട്ട് പട്ടയം സ്വന്തമാക്കുന്ന കാഴ്ച നിറകണ്ണുകളോടെ വേദിക്ക് പുറത്തു നിന്ന് തെലുങ്കർ കോളനിവാസികൾ കണ്ടു.
പൊന്നരാശേരി ഹൗസിൽ സുരേന്ദ്രൻ, വാഴയില വളപ്പിൽ മണികണ്ഠൻ, പൊറ്റയിൽ ബാബു, വലിയകത്ത് വീട്ടിൽ ഐഷ, പുത്തൻ പീടികയിൽ ഫാത്തിമ്മ തുടങ്ങി തെലുങ്കർ കോളനിയിലെ ഓരോ കുടുംബങ്ങൾക്കും പറയാനുള്ളത് സ്വന്തം മണ്ണിനു വേണ്ടി നടത്തിയ നീണ്ട കാത്തിരിപ്പിന്റെ കഥയാണ്. പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ 41 കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇവരിൽ 21 കുടുംബങ്ങൾ ആന്ധ്രയിൽ നിന്ന് കുടിയേറി പാർത്തവരാണ്. തെലുങ്കർ കോളനിയിലെ ബാക്കി വരുന്ന 17 കുടുംബങ്ങൾക്ക് അടുത്ത ഘട്ടത്തിൽ പട്ടയം വിതരണം ചെയ്യുമെന്ന റവന്യൂ മന്ത്രി കെ രാജന്റെ ഉറപ്പും അവർക്ക് ആശ്വാസമായി.