കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മേയ് 27ന്
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന് നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ചടങ്ങുകൾ:
മേയ് 27ന് നീരെഴുന്നള്ളത്ത്, ജൂൺ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, എട്ടിന് തിരുവോണം ആരാധന, ഒമ്പതിന് ഇളനീർ വെപ്പ്, 10ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലം വരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും. 28ന് തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി എ എം എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ ബിരുദാനന്തര ബിരുദം, ഗവേഷണത്തിലെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. യോഗ്യരായവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതം മെയ് 30 ന് രാവിലെ 9.30 ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർ വേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തിച്ചേരുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35000 രൂപ + വീട്ട് വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും. നിയമനം ആറ് മാസത്തേക്കായിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമനകാലാവധി നീട്ടി നൽകുന്നതാണ്. വെബ്സൈറ്റ് www.ccras.nic.in. ഫോൺ. 0497 2800167
ഡി സി എ
സി-ഡിറ്റിൽ ഈ അധ്യായന വർഷം ആരംഭിക്കുന്ന ഡി സി എ, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡിടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മേലേചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശത്തുള്ള സി ഡിറ്റ് കമ്പ്യൂട്ടർ പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ. 9947763222
എഴുത്തു പരീക്ഷ 22 ന്
പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിന് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് മെയ് ആറിന് നടത്താനിരുന്ന എഴുത്ത് പരീക്ഷ മെയ് 22ന് രാവിലെ 11 മണി മുതൽ 12.15 വരെ കണ്ണൂർ ജി വി എച്ച് എസ് (സ്പോർട്സ്)സ്‌കൂളിൽ നടക്കും. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും സഹിതം 10 മണിക്കകം പരീക്ഷകേന്ദ്രത്തിൽ എത്തിച്ചേരണം. വൈകി വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഫോൺ. 0497 2700357
മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ ജീവനക്കാരെ നിയമിക്കുന്നു
കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. തസ്തിക, യോഗ്യത യഥാക്രമം: പ്രൊജക്ട് ഓഫീസർ-അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എഫ് എസ്‌സി, ബി എഫ് എസ്‌സി, എം എസ്‌സി( അക്വാട്ടിക് ബയോളജി), എം എസ്‌സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ), എം എസ്‌സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രൊസസിങ്), എം എസ്‌സി (സുവോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അക്കൗണ്ടന്റ്-അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി കോം ഡിഗ്രിയും, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക.
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 19 മുതൽ
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 17ാമത് പുസ്തകോത്സവം മെയ് 19 മുതൽ 22 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. 19ന് രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. വി ശിവദാസൻ എം പി അധ്യക്ഷനാവും. അക്ഷരമാസിക രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പ്രകാശനം ചെയ്യും. ടി പത്മനാഭൻ വിശിഷ്ടാതിഥിയാകും. വിവിധ കലാപരിപാടികൾ അരങ്ങേറും. 20ന് രാവിലെ 11 മണിക്ക് സംഗീതനാടക അക്കാദമി, ക്ഷേത്രകലാ അക്കാദമി അവാർഡ് ജേതാക്കളെ അനുമോദിക്കുന്ന ആദരസമ്മേളനം കണ്ണൂർ സർവകലാശാല പി വി സി ഡോ. എ സാബു ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ട് മണിക്ക് പുസ്തക പ്രകാശനം, 3.30ന് ‘എഴുത്ത്-കാലം-ജീവിതം’ സംവാദ സദസ്, ആറ് മണിക്ക് കലാപരിപാടികൾ എന്നിവ നടക്കും. 21 രാവിലെ 10 മണിക്ക് ‘നിർമ്മാല്യം സിനിമയുടെ 50 വർഷങ്ങൾ’ സംവാദം മുൻ എം എൽ എ എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് ‘മാറുന്ന വായനയുടെ അർത്ഥതലങ്ങൾ’ എന്ന വിഷയത്തിൽ സംവാദനവും ആറ് മണിക്ക് കോൽക്കളി, ചരടുകുത്തി കോൽക്കളി, തിരുവാതിര, ‘മായ’ നാടകം എന്നിവ അരങ്ങേറും. 22ന് രാവിലെ 11 മണിക്ക് സമാപന സമ്മേളനം എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ വായന മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടത് ഉൾപ്പെടെ നിരവധി പുസ്തകങ്ങളാണ് 70ഓളം പ്രസാധകരിലൂടെ മേളയിലെത്തിക്കുക. രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ട് വരെയാകും പ്രവേശനം.
എൽ പി സ്‌കൂളുകൾക്ക് കായിക ഉപകരണ വിതരണം 17ന്
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. എൽ പി സ്‌കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മെയ് 17ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫുട്ബോൾ താരം സി കെ വിനീത് നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിക്കും.
വള്ളിത്തോട് കെ എസ് ഇ ബി ഓഫീസ് ഉദ്ഘാടനം 17ന്
കെ എസ് ഇ ബി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം മെയ് 17ന് ഉച്ച 12 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനാവും.
പരിയാരത്ത് എം സി എഫ് ഉദ്ഘാടനം 18ന്
സംസ്ഥാന സർക്കാറിന്റ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ എം സി എഫ് മെയ് 18ന് രാവിലെ 11 മണിക്ക് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’: അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’-ചെണ്ടുമല്ലി കൃഷി, നാട്ടുമാവിൻതോട്ടം, നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന അപേക്ഷിക്കാം. ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾ കുറഞ്ഞത് 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യണം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് മുൻഗണന. പ്രാദേശിക ഇനങ്ങളുടെ ഒട്ടുമാവിൻ തൈകൾ കൃഷി ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും (പൊതു, ഗവ., സ്വകാര്യ സ്ഥാപനങ്ങൾ, കോളേജുകൾ, സ്‌കൂളുകൾ ഉൾപ്പെടെ) കൃഷിഭവൻ മുഖേന അപേക്ഷ നൽകാം. അവസാന തീയതി മെയ് 29.
ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ
ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം അറ്റൻഡന്റ് (എസ് സി / എസ് ടി, കാറ്റഗറി നമ്പർ: 482/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ കോഴിക്കോട് വെള്ളിമാടുകുന്ന് മാലൂർകുന്ന് ഡി എച്ച് ക്യൂ ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടികുലേർസ്, കാഴ്ച ശക്തി, ശാരീരിക ക്ഷമത സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
മത്സ്യഫെഡ്: വർക്കർമാരെ നിയമിക്കുന്നു
ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യമേഖലയിൽ പ്രാവീണ്യമുള്ള യുവാക്കളെ വർക്കർമാരായി നിയമിക്കുന്നു. താൽപ്പര്യമുള്ളവർ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11.30ന് അഭിമുഖത്തിന് ഹാജരാകണം.
പട്ടയകേസുകൾ മാറ്റി
മെയ് 17ന് നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജൂൺ 20 ലേക്ക് മാറ്റി വെച്ചതായി ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി കലക്ടർ(എൽആർ) അറിയിച്ചു.