തൃശൂരിൻ്റെ ഹൃദയം കവർന്ന ‘എൻറെ കേരളം’ പൂരത്തിന് കൊടിയിറക്കം…
ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സമൂഹത്തിൻറെ വളർച്ചക്ക് ഉതകുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയ മേള തൃശ്ശൂരിലെ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചന്നും സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ നടന്ന എൻ്റെ കേരളം പ്രദർശന വിപണ മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലും കേരളം മാതൃകയായ ഏഴു വർഷങ്ങളാണ് കടന്നുപോയത്, ആഘോഷം മാത്രമായിട്ടല്ല കാതലായ പ്രശ്നങ്ങളിൽ മാറ്റം സൃഷ്ടിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വനസൗഹൃദ സദസ്സ്, തീരസദസ്സ്, താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ എന്നിവയെല്ലാം ഈ ശ്രമങ്ങളുടെ നേർക്കാഴ്ചകളാണ്. ഇവയിലൂടെ 48 വർഷത്തിനിടെ പരിഹാരം കാണാൻ സാധിക്കാത്തവയ്ക്കു വരെ പരിഹാരമുണ്ടാക്കാൻ കഴിഞ്ഞത് ശ്രദ്ധ വഹമാണ്. പരാതി പരിഹാര കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ വിശാലമായ വീക്ഷണ കോണുകളോടെ കേരള ജനത ഒത്തൊരുമിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ എന്നും ജാഗ്രത പുലർത്തും, ആദിവാസി മേഖലകളിലെ ഭൂപ്രശ്നങ്ങൾ, വൈദ്യുതി ഇൻറർനെറ്റ് കണക്ടിവിറ്റിയുടെ ലഭ്യത എന്നിവയെ കുറിച്ചും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പരാമർശിച്ചു.
സർക്കാരിൻറെ ഏഴു വർഷങ്ങൾ മനുഷ്യത്വ മുഖമുള്ള നാൾവഴികൾ ആയിരുന്നുവെന്ന് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സേവനങ്ങൾ നൽകാനായി ഓരോ വകുപ്പും ഒന്നിനൊന്ന് മത്സരിക്കുമ്പോൾ ഈ കരുത്ത് ആവാഹിച്ച സർക്കാർ മുന്നോട്ട് വിജയകുതിപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. വിവാദങ്ങൾ കൊണ്ട് വികസന പ്രവർത്തനങ്ങൾക്ക് മുൻപിൽ പുകമറ സൃഷ്ടിക്കുന്നവരെ അവഗണിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറും. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ദിനരാത്രങ്ങങ്ങൾക്കാണ് സാംസ്കാരിക തലസ്ഥാനം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവ കേരളത്തിൻറെ ശില്പികൾ ആവണം യുവതയെന്നും വികസന മേഖലയിൽ അതിശയാവകമായ കുതിച്ചുചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
എന്റെ കേരളം മികച്ച കവറേജിനുള്ള മാധ്യമ പുരസ്കാരം, മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരം എന്നിവയും ചടങ്ങിൽ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു.
കേരള ജനതയ്ക്കൊപ്പം എന്നും എപ്പോഴും സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശം നൽകി കൊണ്ടാണ് എൻറെ കേരളം മെഗാ പ്രദർശന വിപണനമേളക്ക് കൊടിയിറങ്ങിയത്. കെ കെ രാമചന്ദ്രൻ എം എൽ എ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.മേയർ എം കെ വർഗ്ഗീസ്, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൾ കരീം, മേഖല ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്, കെ എസ് എഫ് ഇ മാനേജിങ്ങ് ഡയറക്ടർ ഡോ.എസ് കെ സനിൽ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് കേരള കലാമണ്ഡലം വിദ്യാർത്ഥികൾ അവതരിപ്പിച്ച എന്റെ കേരളം നൃത്താവിഷ്കാരവും ആൽമരം മ്യൂസിക് ബാന്റിന്റെ സംഗീത നിശയും അരങ്ങേറി.