രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന വിധവ പെൻഷൻ തടസ്സങ്ങൾ ഇല്ലാതെ ലഭിക്കണമെന്ന പരാതിയുമായാണ് എൺപത്തിയാറുകാരി മാർത്ത ഫ്രാൻസിസ് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് തല അദാലത്തിലേക്ക് എത്തിയത്. മന്ത്രി പി. രാജീവിന് മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ മാർത്തയുടെ പരാതിക്ക് പരിഹാരമായി
കൊച്ചി കോർപ്പറേഷനിൽ പുനർ വിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തത് മൂലമാണ് മാർത്തയ്ക്ക് പെൻഷൻ മുടങ്ങിയത്. അപേക്ഷയിൽ മാർത്തയുടെ വയസ്സും തെറ്റായാണ് കിടന്നിരുന്നത്. അരമണിക്കൂർ കൊണ്ട് പരാതി പരിഹരിക്കാൻ കൊച്ചി കോർപ്പറേഷന് മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് പരാതി പരിഹരിച്ച് പെൻഷൻ അനുവദിച്ചു. മാർത്തയുടെ വയസ്സ് തിരുത്തി യഥാർത്ഥ വയസ്സായ എൺപത്തിയാറാക്കി മാറ്റുകയും ചെയ്തു.
രോഗബാധിതയായ മാർത്ത സഹോദരി ബേബി പൗലോസിന്റെ വീട്ടിലാണ് കഴിയുന്നത്. സഹോദരിക്കും സഹോദരി പുത്രനും ഒപ്പമാണ് പരാതി പരിഹരിക്കാൻ അദാലത്തിൽ എത്തിയത്. പെൻഷൻ മുടക്കമില്ലാതെ കിട്ടുമെന്ന സന്തോഷത്തോടെയാണ് മാർത്ത അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.