കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ നാളെ  രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ പരിശീലനം നല്‍കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പാലിറ്റിയിലെ 28 വാര്‍ഡുകളില്‍ നിന്നായി നൂറ് സര്‍വ്വേ വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. ഇവരുടെ നേതൃത്വത്തില്‍ മേയ് മാസം അവസാന വാരത്തില്‍ പഠിതാക്കളെ കണ്ടെത്താന്‍ വാര്‍ഡുതലത്തില്‍ ഡിജിറ്റല്‍ സര്‍വ്വേ സംഘടിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് ഈ-മുറ്റം. ജില്ലയില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍, മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.